2020 ജൂണ്‍ ഒന്നിന് ഉച്ചയോടെ താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ മുഹമ്മദ് സാലിയുടെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തി.
വിദേശത്തുള്ള മകളായിരുന്നു വിളിച്ചത്. പല പ്രാവശ്യം വിളിച്ചിട്ടും മാതാപിതാക്കള്‍ ഫോണ്‍ എടുക്കുന്നില്ല. മുഹമ്മദ് സാലിയും ഭാര്യ ഷീബയും മാത്രമാണ് വീട്ടിലുള്ളത്.
ഫോൺ എടുക്കാതെ വന്നപ്പോള്‍ സമീപത്തു താമസിക്കുന്ന ബന്ധുവിനെ വിളിച്ചു മകള്‍ കാര്യം അന്വേഷിച്ചു.
മകള്‍ വിളിച്ച പ്രകാരം ബന്ധു മുഹമ്മദ് സാലിയുടെ വീട്ടിലെത്തി. സാലിയുടെ വാടക വീട് കാണാനെത്തിയ രണ്ടുപേരും ഇതേസമയം ആ വീടിനു പുറത്തുണ്ടായിരുന്നു.
വീടിനുള്ളില്‍നിന്നു പാചകവാതകത്തിന്റെ ഗന്ധം ഉയര്‍ന്നതോടെ അവിടെയെത്തിയവരെല്ലാം പരിഭ്രാന്തരായി.
ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് അവിടെയെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു.
ഞെട്ടിത്തരിച്ച് എല്ലാവരും
വാതില്‍ തുറന്നപ്പോള്‍ മുഹമ്മദ് സാലി(65)യും ഭാര്യ ഷീബ(60)യും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
ഉടന്‍തന്നെ കോട്ടയം വെസ്റ്റ് പോലീസ് സംഭവസ്ഥലത്തെത്തി. വീടിനുള്ളില്‍ ഷോക്കേല്‍പ്പിച്ചും തലയ്ക്കടിച്ചും ആക്രമണത്തിനിരയായ ഷീബ മരിച്ച നിലയില്‍ ആയിരുന്നു.
ഭര്‍ത്താവ് മുഹമ്മദ് സാലിയെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി. ഷാനി മന്‍സിലിന്റെ ഹാളില്‍ രക്തം തളംകെട്ടി കിടന്നിരുന്നു.
ഇവരുടെ കൈകാലുകള്‍ ഇരുമ്പു കമ്പികള്‍ കൊണ്ട് കൂട്ടിക്കെട്ടിയിരുന്നു. ഇരുമ്പു കമ്പിയിലേക്കു വൈദ്യുതി പ്രവഹിച്ചിട്ടുണ്ട്.
അതിനാല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് പോലീസ് മൃതദേഹം എടുത്തത്.
മൃതദേഹം കിടന്ന മുറിയിലെ ഫാനിന്റെ ലീഫ് ഒടിഞ്ഞു തൂങ്ങിയ നിലയിലാണ് കണ്ടത്.
അവിടെ കിടന്നിരുന്ന ടീപ്പോയും തകർന്നിരുന്നു. അലമാര തുറന്ന് അലങ്കോലമാക്കിയിരുന്നു.
ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട അവസ്ഥയിലാണ് കാണപ്പെട്ടത്. സ്റ്റൗവിൽ മുട്ട പുഴുങ്ങാന്‍ വച്ച പാത്രത്തിലെ വെള്ളം വറ്റിയ നിലയിലായിരുന്നു.
ഒരു ചപ്പാത്തി പരത്തിയ നിലയിലും കറിക്കായി ഉള്ളി അരിഞ്ഞുവച്ചതും കാണപ്പെട്ടു.
പോര്‍ച്ചില്‍ കിടന്നിരുന്ന വാഗണ്‍ ആര് കാറ് മോഷണം പോയിരുന്നു. സ്വര്‍ണവും നഷ്ടമായിട്ടുണ്ടെന്നു പോലീസ് അനുമാനിച്ചു.
പോലീസ് നടപടികള്‍ക്കു ശേഷം ഷീബയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പേടിമാറാതെ ജനങ്ങള്‍
ഷാനി മന്സിലിന് അടുത്തടുത്തുതന്നെ വീടുകളുണ്ട്. എങ്കിലും നാടിനെ നടുക്കിയ ഈ കൊലപാതകം അറിയാന്‍ സമീപവാസികള്‍ വൈകിയിരുന്നു.
അതുകൊണ്ടുതന്നെ സംഭവം അറിഞ്ഞ സമീപവാസികളെല്ലാം ഏറെ ഭയചകിതരായി. സ്ത്രീകളും കുട്ടികളുമൊക്കെ പുറത്തിറങ്ങാന്‍ ഭയപ്പെട്ടു.
പ്രത്യേക സംഘം
കേസ് അന്വേഷണത്തിനായി കോട്ടയം പോലീസ് ചീഫ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
ജില്ല പോലീസ് മേധാവി ജി. ജയദേവ്, അഡീഷണല്‍ എസ്പി എ. നസീം, ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്ഐമാര്‍, എഎസ്ഐമാര്‍, സിപിഒമാര്‍, സൈബര്‍ സെല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 22 പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.
ടി.എസ്. റെനീഷ് (സബ് ഇന്‍സ്പെക്ടര്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്, കോട്ടയം)
കടത്തുരുത്തി എസ്ഐ ആയിരിക്കുന്ന സമയത്താണ് നാടിനെ നടുക്കിയ താഴത്തങ്ങാടി ഇരട്ടക്കൊലപാത കേസ് അന്വേഷിക്കുന്നതിനുള്ള പ്രത്യേക സംഘത്തിന്റെ ഭാഗമായി എസ്ഐ ടി.എസ്. റെനീഷ മാറുന്നത്.
കേസിന്റെ തുടക്കം മുതൽ അവസാനഘട്ടം വരെ സംഘാംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.
2019ല്‍ കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ എറ്റിഎം കവര്‍ച്ചാ കേസിലെ പ്രതികളെ രാജസ്ഥാന്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍നിന്നു പിടികൂടിയതിനു സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി,
വിവിധ ജില്ലകളിലായി 400ല്‍ അധികം മയക്കുമരുന്നു കേസുകള്‍ പിടികൂടിയതിന് 2020ല്‍ സംസ്ഥാന പോലീസ് മേധാവിയുടെ നവജീവന്‍ പുരസ്കാരം എന്നിവ ലഭിച്ചു.
(തുടരും)
തയാറാക്കിയത് :സീമ മോഹൻലാൽ