ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ കോന്പാറ ആനീസ് കൊലക്കേസിലെ പ്രതി ആര്….? എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള പോലീസ് യാത്ര ഇനിയും ഫലദായകമായില്ല.
2019 നവംബർ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്.
ചുരുളഴിയാത്ത കൊലപാതകത്തിന് ഇന്നു രണ്ടു വർഷം തികയുന്പോഴും കൊലയാളി അഥവാ കൊലയാളി സംഘം അജ്ഞാതരായി കഴിയുന്നു.
ഇക്കഴിഞ്ഞ ഡിസംബറിൽ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
തെളിവുകൾ ശൂന്യം….
ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാൻ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി വൈകീട്ട് വീട്ടിൽ എത്തിയപ്പോഴാണു വീടിന്റെ മുന്നിലെ വാതിൽ പുറത്തുനിന്ന് അടച്ച നിലയിൽ കണ്ടത്.
തുടർന്ന് അകത്തു കയറിനോക്കിയപ്പോഴാണു രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ ആനീസിനെ കണ്ടത്.
ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താൻ തെരഞ്ഞെടുക്കാത്ത സമയമാണു ആനീസ് കൊലക്കേസിലുണ്ടായിരിക്കുന്നത്.
ഒരു തെളിവു പോലും ഇതുവരെയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുമില്ല. സിസിടിവി ദൃശ്യങ്ങളോ ദൃക്സാക്ഷികളോ ഇല്ല.
സാധാരണ, കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന സൂചനകളോ തെളിവുകളോ വിരലടയാളമോ ഒന്നും ഈ കേസിൽ സഹായമായിട്ടില്ല.
ഇതു ബോധപൂർവം ചെയ്തതാണോ അവിചാരിതമായി സംഭവിച്ചതാണോ എന്നതിലും ആശയക്കുഴപ്പമുണ്ട്.
സമീപപ്രദേശങ്ങളിലെല്ലാം കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു തിരച്ചിൽ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കൊലപാതകം നടന്ന വീട്ടിലോ അയൽപ്പക്കങ്ങളിലോ സിസിടിവി കാമറയും ഇല്ല.
പ്രതീക്ഷ കൈവിടാതെ ക്രൈം ബ്രാഞ്ച് സംഘം
ക്രൈംബ്രാഞ്ച് എസ്പി കെ. സുദർശനൻ, ഡിവൈഎസ്പി ബിജോ അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നാണു കരുതുന്നതെന്നും ഇവർ പറഞ്ഞു.
ആനീസിന്റെ ഭർത്താവ് പോൾസണ് മുന്പ് ഇറച്ചി വ്യാപാരം നടത്തിയിരുന്നതിനാൽ ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം.
കൊലപാതക ദിനം രാവിലെ 9.30 ന് കർട്ടണ് വിൽക്കുന്നതിനായി രണ്ടുപേർ ഈ പ്രദേശത്ത് വന്നിരുന്നു.
ഇതിനാൽ വീടുകളിൽ കയറി ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും മറ്റും വിൽക്കുന്നവരെക്കുറിച്ചും അന്വേഷണം നടത്തി.
മൂർച്ചയേറിയ ആയുധം കൊലയ്ക്കു ഉപയോഗിച്ചതിനാൽ മനക്കരുത്തുള്ള വ്യക്തികൾക്കേ ഇത്തരം കൃത്യങ്ങൾ ചെയ്യുവാൻ സാധിക്കൂ എന്നാണു നിഗ മനം.
സംശയം തോന്നാത്ത വിധത്തിൽ വീടിനകത്തേക്കു കയറുവാനും കൃത്യം നടത്തിയ ശേഷം ആഭരണങ്ങളുമായി എളുപ്പത്തിൽ പുറത്തിറങ്ങി രക്ഷപ്പെടാനും സാധിക്കണമെങ്കിൽ വീട്, പരിസരം, വീട്ടുകാർ എന്നിവ യെക്കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലേ സാധിക്കൂ.
അതിനാൽ വീടുമായി അടുത്ത ബന്ധമുള്ളവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.