നിഗൂഢതകളുടെ ക്വാറന്റൈന് കേന്ദ്രം!
കോവിഡ് കാലത്തു സ്വയം നിരീക്ഷണത്തില്‍ പോകുക എന്നതു പോലും വലിയ ബുദ്ധിമുട്ടായി കരുതുന്നവര്‍ ഇറ്റലിയിലെ ഈ ദ്വീപിനെക്കുറിച്ച് ഒന്നു കേള്‍ക്കണം.
1347-48 കാലഘട്ടങ്ങളില്‍ ഇറ്റലിയെ പിടിച്ചു കുലുക്കിയ “ബ്ലാക്ക് ഡെത്ത്”എന്ന് അറിയപ്പെട്ടിരുന്ന ബുബോണിക് പ്ലേഗ് ബാധിച്ചവരെ പാര്‍പ്പിച്ചിരുന്ന സ്ഥലം.
ആ നാടിന്റെ എക്കാലത്തെയും പേടിസ്വപ്നമായിരുന്ന ക്വാറന്റൈന് കേന്ദ്രം. ദ്വീപിനെക്കുറിച്ചുള്ള ചിന്തകള്‍ പോലും അവരെ ഭയപ്പെടുത്തിയിരുന്നു. ഇപ്പോഴും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്തിനു ഗവേഷകർ പോലും അപൂർവമായേ ഇവിടേക്ക് എത്താറുള്ളൂ.
നിഗൂഢതകളുടെ തീരം
വെനീസ് – ലിഡോ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന പോവെഗ്ലിയ എന്ന ദ്വീപിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സിനിമയില്‍ മാത്രം കണ്ടുവന്നിരുന്ന ക്രൂരതകളുടെയും നിഗൂഢതകളുടെയും നേര്‍സാക്ഷ്യം.
ദ്വീപിന്റെ അവിശ്വസനീയമായ ഭൂതകാലം കൊണ്ടു തന്നെ ഈ ദ്വീപിനു പിന്നീട് ഒരു ഇരട്ടപ്പേരും കിട്ടി, ഐലൻഡ് ഓഫ് ഗോസ്റ്റ് (പ്രേതങ്ങളുടെ ദ്വീപ്).
18 ഏക്കറിലെ ശവപ്പറമ്പ്
പ്രാദേശിക കഥകള്‍ അനുസരിച്ച്, നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പോലും ദ്വീപിലേക്കു നാടുകടത്തി. രോഗവ്യാപനം തടയാൻ 1,60,000 ഓളം രോഗികളെ ഇവിടെ കത്തിച്ചു കളഞ്ഞു.
18 ഏക്കറില്‍ തീര്‍ത്ത ഒരു ശവപ്പറമ്പ് ആയിരുന്നു പോവെഗ്ലിയ. ദ്വീപിലെ മണ്ണിന്റെ അമ്പതു ശതമാനത്തിലേറെയും മനുഷ്യരുടെ അസ്ഥിയും ചാരവും തന്നെയാണ്.
കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ചിരുന്നു. ഒരിക്കൽപോലും വൃത്തിയാക്കാത്ത ദ്വീപിൽ പഴയ കാലത്തിന്റെ എല്ലാ ശേഷിപ്പും ബാക്കിയുണ്ട്. ഇവിടത്തെ കാറ്റിനുപോലും നിഗൂഢതയുണ്ട്.
ഭീകര പരീക്ഷണങ്ങൾ
വര്‍ഷങ്ങള്‍ക്കിപ്പുറം, 1800കളുടെ അവസാനത്തില്‍ മാനസിക രോഗികളെ താമസിപ്പിക്കുന്ന മാനസികാരോഗ്യ കേന്ദ്രമായി (പോവെഗ്ലിയ അസൈലം) ഇതിനെ മാറ്റി.
എന്നാല്‍, ആ കെട്ടിടം ഒരു പുനഃരധിവാസ കേന്ദ്രമായിരുന്നില്ല. മറിച്ചു നാട് “ഭ്രഷ്ട് കല്‍പ്പിച്ചവരെ” താമസിപ്പിച്ചിരിക്കുന്ന ഒരു ഭ്രാന്താലയമായിരുന്നു.
ആളുകള്‍ അധികം എത്തിപ്പെടാത്ത, അല്ലെങ്കില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കാത്ത ആ തുരുത്തില് 1920ഓടെ ഭയാനകമായ പരീക്ഷണങ്ങള്‍ രോഗികളിൽ നടന്നതായി പറയുന്നു.
ഡോക്ടറുടെ മരണം
ഇവിടത്തെ ഡോക്ടര്‍ ലോബോടോമികള് (മനോരാഗം മാറ്റാന്‍ തലച്ചോറില്‍ ചെയ്യുന്ന ശസ്ത്രക്രിയ) ഉള്‍പ്പെടെയുള്ള ഭീകരമായ പരീക്ഷണങ്ങള്‍ രോഗികളിൽ നടത്തിയിരുന്നതായി ആരോപണമുണ്ട്.
ഒടുക്കം മാനസികനില തെറ്റിയ ഡോക്ടര്‍ അവിടത്തെ ബെല്‍ ടവറില്‍നിന്നു ചാടി ജീവനൊടുക്കിയത്രേ.
വിലക്കപ്പെട്ട തുരുത്ത്
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ദ്വീപിലെ കെട്ടിടം ഒരു വയോജന കേന്ദ്രമാക്കി മാറ്റി. എന്നാല്‍, 1975 ല്‍ അത് അടച്ചുപൂട്ടി. അതിൽപിന്നെ പോവെഗ്ലിയ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ദ്വീപാണ്. ഇവിടേക്കുള്ള സന്ദർശനം വിലക്കി.
മത്സ്യത്തൊഴിലാളികള്‍ പോലും ദ്വീപിലേക്ക് എത്തി നോക്കാറില്ലായിരുന്നു. അടുത്ത കാലത്തായി, ഇറ്റാലിയന്‍ നിര്‍മാണ സംഘങ്ങള്‍ മുന്‍ ആശുപത്രി ക്കെട്ടിടം നവീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കാരണം വ്യക്തമാക്കാതെ മടങ്ങി. എന്നാല്‍, ദ്വീപിലെ ഏതോ ഇരുണ്ട ശക്തി അവരെ പിന്തിരിപ്പിച്ചെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
രണ്ടു സഞ്ചാരികള്‍
അടുത്തിടെ രണ്ട് ബ്രിട്ടീഷ് പര്യവേക്ഷകര്‍ ദ്വീപില്‍ എത്തി. നാല്പ്പതുകാരന് മാറ്റ് നാഡിനും അമ്പത്തിനാലുകാരനായ ആന്‍ഡി തോംസണും. അവർ ദ്വീപ് സന്ദര്‍ശനം ചിത്രീകരിക്കുകയും ദൃശ്യങ്ങൾ അവരുടെ”ഫൈന്റേഴ്സ്, ബീപ്പേഴ്സ് ആൻഡ് ഹിസ്റ്ററി സീക്കേഴ്സ്” എന്ന് യൂടൂബ് ചാനലിൽ അപലോഡ് ചെയ്യുകയും ചെയ്തു.
അവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഉടനീളം കാടുകയറിയ കെട്ടിടങ്ങള്‍, ഒരു വലിയ ശ്മശാനം, പഴയ കിടക്കകൾ, കുളിമുറികൾ ഉള്‍പ്പെടെയുള്ളവ കാണാം. മൃതദേഹങ്ങള്‍ കത്തിക്കാനായി ഉപയോഗിച്ചെന്നു കരുതപ്പെടുന്ന വലിയ പാത്രങ്ങളും ദൃശ്യങ്ങളില്‍ കാണാം.
ദ്വീപിലേക്കു കൂടെ വരാൻ ആരും തയാറായിരുന്നില്ലെന്നു മാറ്റ് പറയുന്നു. “ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍, മണി മുഴങ്ങുന്നതു കേട്ടു, അതു ശരിക്കും പേടിപ്പെടുത്തുന്നതായിരുന്നു. ആ മണിമുഴക്കം ഒരു ദുശകുനം പോലെയാണ് അനുഭവപ്പെട്ടത്.
ഇവിടെ പ്രകൃതി ശരിക്കും ഏറ്റെടുത്തു. മുന്തിരിവള്ളികളും ഇഴജന്തുക്കളും ഉള്ള ഒരു ഹൊറര്‍ സിനിമയുടെ സെറ്റ് പോലെ തോന്നിക്കുന്നു ഈ കെട്ടിടം. – മാറ്റ് നാഡിന്‍ പറയുന്നു. – വൈ.