തൃശൂർ: പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽനിന്ന് ചാടിയ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ് (30) ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സിയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച രാത്രിയിലാണ് സനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പഴയ വാഹനങ്ങളുടെ ഇടപാടു നടത്തുന്ന വെബ്സൈറ്റിൽ കണ്ട് വണ്ടി വാങ്ങാൻ തൃശൂരിലെത്തിയ സനു ബാറിൽ കയറി മദ്യപിച്ചു.
ഇതിനുശേഷം പുറത്തിറങ്ങിയ ഇയാൾ റോഡിലെ ആളുകളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കൈയിലുണ്ടായിരുന്ന കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടർന്നു നടന്ന അന്വേഷണത്തിൽ ഇയാൾ വലിയതുറ സ്റ്റേഷനിൽ വധശ്രമകേസിലെ പ്രതിയാണെന്ന് തെളിഞ്ഞു.
ഇതിനിടെ ഇയാളെ കസ്റ്റഡിയിൽവയ്ക്കാൻ വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ വടക്കേ സ്റ്റാൻഡിനുസമീപത്തുവച്ച് പോലീസിനെ വെട്ടിച്ച് ജീപ്പിൽനിന്ന് പുറത്തേക്ക് ചാടിയത്.
തലയടിച്ചു താഴെ വീണ ഇയാളെ പോലീസ് ഉടനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാത്രി ഒന്പതോടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് മർദനത്തെതുടർന്നാണോ പ്രതി ജീപ്പിൽനിന്ന് ചാടിയതെന്ന സംശയത്തിൽ കമ്മീഷണറുടെ നിർദേശപ്രകാരം മേലുദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ദുരൂഹമായി ഒന്നും കണ്ടെത്തിയിരുന്നില്ല.