പത്തനംതിട്ട: കോന്നി സ്വദേശിയായ വര്‍ഗീസിനെ ദൃശ്യം സിനിമയിലെ ജോര്‍ജുകുട്ടിയുമായി താരതമ്യം ചെയ്താല്‍ അത് അതിശയോക്തിയാവില്ല കാരണം രണ്ടു പേരും കൊലപാതകം ചെയ്തത് സമര്‍ഥമായി മൂടിവച്ചവരാണ്. കഴിഞ്ഞ 22ന് കൊല്ലപ്പെട്ട കോന്നി താഴം കിഴക്കുപുറം പൊലിമല നിരവേല്‍ റേച്ചലിന്റെ(അമ്മിണി 70) കൊലപാതകമാണ് കോന്നി സി ഐ ആര്. ജോസിന്റെ സമര്‍ഥമായ ഇടപെടലിനെത്തുടര്‍ന്ന് വെളിയില്‍ വന്നത്. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കൊന്നാല്‍ കേസില്ലെന്ന് സി.ഐ വര്‍ഗീസിനോടു പറഞ്ഞതിനെത്തുടര്ന്ന്് ഇയാള്‍ എല്ലാം തുറന്നു പറയുകയായിരുന്നു. കഥയെല്ലാം കേട്ടതിനു ശേഷം പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ദൃശ്യം സിനിമയിലെ ജോര്‍ജുകുട്ടിയെപ്പോലൊരാളെ കോന്നി സിഐ ആര് ജോസ് കഴിഞ്ഞ ഒരാഴ്ച നേരിട്ടു കാണുകയായിരുന്നു. 70 വയസുള്ള ഭാര്യയെ ആസിഡൊഴിച്ച് കൊന്ന ശേഷം അത് ആത്മഹത്യയാക്കി മാറ്റി, യുക്തിക്ക് നിരക്കുന്ന രീതിയില്‍ അവതരിപ്പിച്ച് പൊലീസിനെ വെട്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തത് തന്ത്രപരമായ നീക്കത്തിനൊടുവില്‍. 70 വയസിന് മുളകില്‍ പ്രായമുള്ളവര്‍ കൊന്നാല്‍ കേസില്ലെന്ന സിഐയുടെ വാക്ക് വിശ്വസിച്ച് എല്ലാം തുറന്നു പറഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളിലായി. ഇയാളുടെ മൊഴി കേട്ട് ഞെട്ടിയതോ കേരളാ പൊലീസും. കഴിഞ്ഞ 22 ന് പുലര്‍ച്ചെയാണ് അമ്മിണി കൊല്ലപ്പെട്ടത്. ഭാര്യയെ ചവിട്ടിയും ആസിഡൊഴിച്ചും കൊന്ന ശേഷം നിഷ്കളങ്കനായി നടന്ന വര്‍ഗീസിനെ പൊലീസും അവിശ്വസിച്ചില്ല. മക്കളൊക്കെ വിദേശത്തായതിനാല്‍ വര്‍ഗീസും റേച്ചലും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
റേച്ചലിന്റെ മൃതദേഹം കിടപ്പുമുറിയില്‍ വെറും നിലത്ത് കമിഴ്ന്നു കിടക്കുകയായിരുന്നു. കഴുത്തില്‍ നിന്ന് ചോര ഒഴുകി ഇറങ്ങിയിരുന്നു. ശരീരമാസകലം പൊള്ളി തൊലി ഇളകിയ പാടുമുണ്ടായിരുന്നു. മൃതദേഹം കണ്ട് വര്‍ഗീസ് നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. അയല്പക്കത്ത് തന്നെ താമസിക്കുന്ന ബന്ധുക്കളാണ് ഓടിയെത്തി പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴും വര്‍ഗീസിന് ഭാവഭേദമില്ല. തന്നോട് പിണങ്ങി റേച്ചല്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് വര്‍ഗീസ് മൊഴി നല്കി. എസ്പിയടക്കമുള്ളവര്‍ പലരീതിയില്‍ ചോദ്യം ചെയ്തിട്ടും ഇയാള്‍ മൊഴിയില്‍ ഉറച്ചു നിന്നു. നേരത്തെ പഠിച്ചുറപ്പിച്ച ഉത്തരം ഇയാള്‍ ഓരോ തവണയും അതേപടി ആവര്‍ത്തിക്കുയായിരുന്നു.
പോലീസ് ഇയാളെ ദേഹപരിശോധന നടത്തിയപ്പോള്‍ റേച്ചലിന്റെ ശരീരത്തില്‍ കണ്ടതുപോലെയുള്ള പൊള്ളിയ പാടുകള്‍ ശ്രദ്ധയില്‍ പെട്ടു. ഇതു ചോദിച്ചപ്പോള്‍ കഞ്ഞിവെള്ളം വീണതായിരുന്നെന്നായിരുന്നു വര്‍ഗീസിന്റെ മറുപടി. എട്ടു വര്‍ഷമായി ഭാര്യയുമായി കലഹം പതിവായിരുന്നെന്നും തന്നോടുള്ള ദേഷ്യത്തിന് ഭാര്യ ആസിഡ് കുടിച്ചതായിരുന്നുവെന്നുമായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇത് പോലീസ് പൂര്ണവിശ്വാസത്തിലെടുത്തില്ല. ആസ്മാരോഗിയായ വര്‍ഗീസിനെ രോഗം കലശലായതിനെത്തുടര്‍ന്ന് പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാക്കി. തുടക്കം മുതല്‍ സിഐ ആര്. ജോസ് ഇയാളെ നിരീക്ഷിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ആസിഡ് ഉള്ളില്‍ ചെന്നിട്ടില്ലെന്നും ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞതാണ് മരണകാരണമെന്നും വ്യക്തമായി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി വര്‍ഗീസിനെ മാറിമാറി ചോദ്യം ചെയ്തെങ്കിലും ഒരക്ഷരം വിട്ടുപറയാന്‍ ഇയാള്‍ തയ്യാറായില്ല. ഒടുവില്‍ സിഐ അടവൊന്നു മാറ്റി.റേച്ചല്‍ മരിച്ചത് ആസിഡ് കുടിച്ചല്ല, ശരീരത്ത് വീണാണ്. നിങ്ങള്‍ അവരെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നും ഞങ്ങള്‍ക്ക് മനസിലായി. പക്ഷേ,എന്തു ചെയ്യാനാ 70 വയസ് കഴിഞ്ഞതും കടുത്ത ആസ്തമയുള്ളതും കാരണം നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. അറസ്റ്റ് ചെയ്യരുതെന്ന് നിയമമുണ്ട്. അതു കൊണ്ട് മാത്രം നിങ്ങള്‍ രക്ഷപ്പെട്ടു. പക്ഷേ, എന്തിനാണ് കൊന്നത് എന്നു മാത്രം പറയണംസിഐയുടെ ഈ തുറന്നു പറച്ചിലില്‍ വര്‍ഗീസ് വീഴുകയായിരുന്നു. ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാര്‍ അമ്പരന്നു.
തന്റെ ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നെന്നും അയാളുടെ ഒത്താശയോടെ തന്നെ കൂടോത്രം ചെയ്ത് കൊല്ലാന്‍ നോക്കിയെന്നുമായിരുന്നു കൊലപാതകത്തിന്റെ ന്യായീകരണമായി വര്‍ഗീസ് പറഞ്ഞത്. ഒരു ദിവസം രാവിലെ കിടക്ക പൊക്കി നോക്കിയപ്പോള്‍ സിന്ദൂരവും ഭസ്മവും പുരണ്ടിരുന്ന രണ്ടു രൂപ നാണയം കണ്ടതോടെയാണ് കൂടോത്രം മനസിലായതെന്നും തന്നെ കൊല്ലും മുമ്പ് ഭാര്യയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നും വര്‍ഗീസ് വെളിപ്പെടുത്തി. അങ്ങനെ 22ന് പുലര്‍ച്ചെ മൂന്നുമണിയോടെ പദ്ധതി നടപ്പാക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന ഭാര്യയെ ബലമായി ആസിഡ് കുടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ എതിര്‍ത്തതോടെ ആസിഡ് ശരീരത്തിലേക്കു വീഴുകയായിരുന്നു. അവശേഷിച്ച ആസിഡ് ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. മരണവെപ്രാളം കാട്ടിയപ്പോള്‍ രണ്ടു ചവിട്ടു കൊടുത്തു ഇതോടെ അമ്മിണി് മരണമടയുകയായിരുന്നു. മരിച്ചെന്നു ബോധ്യമായതോടെ ഇയാള്‍ ആളെ വിളിച്ചുകൂട്ടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം സിഐ ഇയാളെ ആശുപത്രിയില്‍ നി്ന്നു കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വര്‍ഗീസിന്റെ ശരീരത്തിലുണ്ടായ പൊള്ളലുകള്‍ ആസിഡ് വീണുണ്ടായതാണെന്നു തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എന്തായാലും ശേഷിക്കുന്ന കാലം വര്‍ഗീസിന് ജയിലില്‍ കഴിയാം.