ഹൈദരാബാദ്: പ്രണയത്തിന് ജാതി,മത,ഭാഷാ,ദേശ ഭേദങ്ങളില്ലേന്നു പറയുന്നത് എത്ര ശരി. വീട്ടില്‍ ഡ്രൈവറായെത്തിയ ഇന്ത്യന്‍ യുവാവിനെ പ്രണയിച്ച് അയാള്‍ക്ക് പിന്നാലെ ഇന്ത്യയിലേക്ക് പോന്ന സൗദി യുവതിയുടെ പ്രേമകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തെലുങ്കാനക്കാരനായ 30 കാരനും സൗദി സ്വദേശിനിയായ 27 കാരിയുമാണ് കഥയിലെ താരങ്ങള്‍. നിസാമാബാദ് സ്വിദേശിയായ കഥാ നായകന് സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണ് കഫീലിന്റെ വീട്ടില്‍ ജോലിക്കെത്തിയത്. മാസങ്ങള്‍ നീണ്ട ജോലിക്കിടയില്‍ മുതലാളിയുടെ സുന്ദരിയായ മകള്‍ ഡ്രൈവറില്‍ അനുരുക്തയാകുകയും കടുത്ത പ്രണയമായി മാറുകയും ചെയ്തു.
വിവാഹിതരാകാനുള്ള തീരുമാനം എടുത്താണ് യുവാവ് അവധിക്ക് പോന്നത്. ഫെബ്രുവരിയില്‍ നാട്ടിലേക്ക് പോന്ന ശേഷം പിന്നീട് ഫോണിലായി ബന്ധം. എന്നും കാമുകിയുമായി ഫോണില്‍ സംസാരിക്കും. ഒരു നിമിഷം പോലും അകന്നു കഴിയാന്‍ ഇഷ്ടപ്പെടാത്ത വിധം പ്രണയം അസ്ഥിയില്‍ പിടിച്ചുപോയ നായികയ്ക്ക് പക്ഷേ അധികകാലം പിടിച്ചു നില്ക്കാന് കഴിയുമായിരുന്നില്ല. ഒരു ദിവസം കാമുകനെ ഉടന്‍ കാണണമെന്ന് മോഹമുദിച്ചു. ഉടന്‍ കാണണമെന്നും ഇന്ത്യയിലേക്ക് വരികയാണെന്നും ഫോണിലൂടെ പറഞ്ഞതു കേട്ട് കാമുകന് ഞെട്ടി.
കാമുകന് ഇത് തമാശയായി കരുതിയെങ്കിലും യുവതി അത് കാര്യമായിത്തന്നെ പറഞ്ഞതായിരുന്നു. ഇന്ത്യയിലേക്ക് കടക്കാന്‍ വളഞ്ഞ വഴിയായിരുന്നു യുവതി തെരഞ്ഞെടുത്തത്. അതിനായി സൗദിയില്‍ നിന്നും നേപ്പാളിലേക്ക് വിമാനത്തില്‍ പറന്നു.അവിടെ നിന്നും ബസ് മാര്‍ഗ്ഗം ഇന്ത്യയിലേക്കും. ഡല്‍ഹിയില്‍ യുവാവ് കാത്തു നില്‍പ്പുണ്ടായിരുന്നു. നിയമവിരുദ്ധമായി കുടിയേറ്റം കുഴപ്പമാകുമെന്ന് മനസ്സിലാക്കിയ യുവതിയും യുവാവും വിവരം നേരെ പോലീസ് സ്റ്റേഷനില്‍ പോയി ധരിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇന്ത്യയില്‍ എത്തിയതെന്നും യുവാവിന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും വിവാഹത്തിനും യാത്രയ്ക്കും താമസത്തിനും അനുമതി ആവശ്യപ്പെട്ട് നിസാമാബാദ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.പോലീസ് അനുമതി ലഭിച്ച ഇരുവരും വിവാഹിതരാവുകയും ചെയ്തു.
തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് സൗദിക്കാരനായ പിതാവ് യുവതിയെ തേടി പിന്നാലെ എത്തി. നേപ്പാളിലേക്ക് മകള്‍ പോയ വിവരം അറിഞ്ഞ് പിതാവ് തന്റെ ഇന്ത്യന്‍ ഡ്രൈവറെ വിളിച്ച് കാര്യം അന്വേഷിക്കുകയും സംഭവങ്ങളെല്ലാം ഇയാള്‍ പറയുകയും ചെയ്തതോടെ പിതാവും ഇന്ത്യയില്‍ എത്തി. എംബസിയില്‍ പരാതി നല്‍കുകയും എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിസാമാബാദ് പോലീസില്‍ പരാതി എത്തുകയും ചെയ്തു.
വെള്ളിയാഴ്ച പോലീസുമായി ദമ്പതികളുടെ മുന്നിലെത്തിയ പിതാവിനോട് തന്റെ വിവാഹം കഴിഞ്ഞെന്നും തനിക്ക് കാമുകനെ വേര്‍പിരിയാന്‍ പറ്റില്ലെന്നും ഇന്ത്യയില്‍ നില്‍ക്കാനാണ് താല്‍പ്പര്യമെന്നും യുവതി അറിയിച്ചു. മകള്‍ക്ക് കാമുകനെ വിട്ടുപിരിഞ്ഞ് മടങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ പിതാവ് ഒടുവില്‍ തിരിച്ചു പോവുകയായിരുന്നു. യുവതിയുടെ നിശ്ചയദാര്‍ഢ്യത്തെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.