കോഴിക്കോട്: കാമറാ വിവാദത്തില്‍ ഉള്‍പ്പെട്ട പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധമുണ്ടെന്ന രേഖകള്‍ പുറത്തുവന്നതോടെ യാത്രക്കാരുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന കാമറാ വിവാദം പുതിയ തലത്തിലേക്ക്.
വിവാദത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യംവച്ച് ആക്രമണത്തിന് ഒരുങ്ങുന്ന പ്രതിപക്ഷത്തിന് ലഭിച്ച വടിയായി മാറുകയാണ് എഐ കാമറ.
കമ്പനി രജിസ്ട്രാര്‍ക്ക് പ്രസാഡിയോ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2020 മുതല്‍ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. ഔദ്യോഗിക സ്ഥാനങ്ങളൊന്നും അദ്ദേഹത്തിനില്ലെങ്കിലും സാമ്പത്തിക ഇടപാടുകള്പ്രകാശ് ബാബുവുമായി കമ്പനിക്കുണ്ട്.
കാമറയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും പ്രസാഡിയോ കമ്പനിക്ക് ലഭിച്ചത് ഈ ഒരു ബന്ധം മുന്‍നിര്‍ത്തിയാണെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് പുതിയ തെളിവുകള്‍.
ഊരാളുങ്കല്‍ അടക്കമുള്ള കമ്പനികള്‍ ഉപകരാര്‍ കൊടുക്കുന്നത് പ്രസാഡിയോ എന്ന കമ്പനിക്കാണ്. സര്‍ക്കാരില്‍നിന്ന് കിട്ടുന്ന പര്‍ച്ചേസ് ഓര്‍ഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്.
ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രസാഡിയോ കമ്പനിക്ക് സര്‍ക്കാരുമായുള്ള ബന്ധമെന്തെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്.
ഊരാളുങ്കല്‍, എസ്ആര്‍ഐടി, കെ-ഫോണ്‍ ഉപകരാര്‍ നേടിയ അശോക് ബിഡ്കോണ്‍ തുടങ്ങിയ കമ്പനികള്‍ അവര്‍ക്ക് ലഭിച്ച പ്രമുഖ കരാറുകളുടെ പര്‍ച്ചേസ് ഓര്‍ഡറുകളും ഉപകരാറുകളും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ കമ്പനിക്കാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നതോടെ ഒരേ കമ്പനിക്ക് എങ്ങിനെ ഇത്ര കരാറുകള്‍ ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്.
ഇതിന് എരിവ് കൂട്ടി മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പേരും പുറത്തുവന്നിരിക്കുകയാണ്. നിരന്തരം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും വിഷയം വിടാതെ പിന്തുടരുകയും ചെയ്യുകയാണ് പ്രതിപക്ഷം.