വാർത്ത അവതാരകർക്ക് പല അബദ്ധങ്ങളും പറ്റാറുണ്ട്. പിന്നീട് അവ വൈറലാകാറുമുണ്ട്. ഇപ്പോഴിത ഒരു വാർത്താ അവതാരകയുടെ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
താൻ ധരിച്ചിരുന്ന വസ്ത്രത്തെ വിമർശിച്ച ആൾക്കുള്ള മറുപടിയായി ചെക്ന്യൂസ് എന്ന വാർത്താ ചാനലിലെ അവതാരകയായ കോരി സിഡോവയുടെ ട്വീറ്റാണ് വൈറലായത്.
‘ക്ലീവേജ്’ കാണിക്കുന്നത് നിങ്ങളുടെ വാർത്തയുടെ പ്രധാന്യം ഇല്ലാതാക്കുമെന്നും അതിന് ഇടവരുത്തരുതെന്നുമായിരുന്നു കമന്റ്. പരിപാടിയുടെ ഡേറ്റും സമയവും സഹിതം ഫോട്ടോ ഉൾപ്പെടെ വച്ചായിരുന്നു സന്ദേശമയച്ചത്.
ഞങ്ങൾ കാണുന്നതിനെക്കുറിച്ച് നിങ്ങൾ കരുതുന്നതും യഥാർഥത്തിൽ ഞങ്ങൾ കാണുന്നതും എന്നുപറഞ്ഞ് രണ്ടുചിത്രങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. അവയിലൊന്നിൽ ക്ലീവേജിന്റെ ക്ലോസപ് ദൃശ്യവുമായിരുന്നു.
ശരീരത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദേശം തനിക്കും സഹപ്രവർത്തകർക്കും അയച്ചതെന്നും കോരി വ്യക്തമാക്കി. ‘ പേരില്ലാത്ത ഈ കംപ്യൂട്ടർ പോരാളി സ്ത്രീയെ ശരീരത്തിന്റെ ഒരുഭാഗമായി മാത്രമാണ് കരുതുന്നത്.
എന്നാൽ താങ്കൾക്ക് തെറ്റി. ഈ തലമുറയിലെ സ്ത്രീകൾ അവഹേളനം കേട്ടു നിൽക്കുന്നവരല്ല’– കോരി ട്വീറ്ററിൽ കുറിച്ചു. മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാല് ഇത്തവണ ഇത് അവഗണിക്കാൻ വിചാരിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഇനിയും ഈ വസ്ത്രം ധരിച്ച് വാർത്ത അവതരിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കൃത്യമായ മറുപടിയാണ് കോരി നൽകിയതെന്നാണ് പലരുടെയും പ്രതികരണം. വാർത്ത അവതരിപ്പിക്കുന്പോൾ വീണ്ടും ആ വസ്ത്രം തന്നെ ധരിക്കണമെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. പിന്തുണ നൽകിയവർക്ക് കോരി നന്ദി പറഞ്ഞു.
സ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷവും ഉപദേശവുമായി എത്തുന്നവർ ഒന്നോർക്കുക- കോരിയെപോലുള്ളവർ നിങ്ങളെ കാത്തിരിപ്പുണ്ട്. അവർ നിങ്ങളുടെ വായടയ്ക്കുന്ന മറുപടി തരും.