മൂന്നാര്‍: രാത്രിയില്‍ സുഖമായുറങ്ങുമ്പോള്‍ ജനലില്‍ കൂടി ഒരു ആന വന്നു നിങ്ങളെ തട്ടി ഉണര്‍ത്തുകയാണ്. കേട്ടിട്ട് ഒരു മുത്തശ്ശിക്കഥപോലെയുണ്ട് അല്ലേ. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നു. ഹാരിസണ്‍ മലയാളം കമ്പനിയുടെ ദേവികുളം ലോക്ക്ഹാര്‍ട്ട് എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്ന മുത്തയ്യ(67)യാണ് ആനയുടെ തലോടല്‍ അനുഭവിച്ച ഭാഗ്യവാന്. പഴക്കച്ചവടക്കാരനായ മുത്തയ്യയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പപ്പായ തേടിയെത്തിയതായിരുന്നു കൊമ്പന്.
തോട്ടം തൊഴിലാളിയായ മകന് ശിവകുമാറിനൊപ്പം ലയത്തിലാണ് മുത്തയ്യയുടെ താമസം.ശിവകുമാറും(42) ഭാര്യ ചന്ദ്രയും(32) മക്കളായ അഞ്ജന(5), നിധീഷ്കുമാര്‍(5) എന്നിവരും അകത്തെ മുറിയിലും മുത്തയ്യ വരാന്തയിലുമാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പപ്പായയുടെ മണമടിച്ചെത്തിയ ഒറ്റയാന് ജനല്‍ തകര്‍ത്തതിനു ശേഷമാണ് തുമ്പിക്കൈ നീട്ടി മുത്തയ്യയെ പിടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മുത്തയ്യ പുതച്ചിരുന്ന കട്ടികൂടിയ പുതപ്പിലാണ് ആനയ്ക്കു പിടികിട്ടിയത്. ആന പിടിച്ച കമ്പിളി ആനയ്ക്കിരിക്കട്ടെയെന്ന് കരുതി മുത്തയ്യ കമ്പിളി ഉപേക്ഷിച്ച് അകത്തേക്കു ഓടി രക്ഷപ്പെട്ടു. എന്തായാലും പപ്പായ മുഴുവന്‍ ആന ശാപ്പിട്ടു. അതിനു ശേഷം സമീപത്തെ പച്ചക്കറി തോട്ടത്തില്‍ കയറി സകല കൃഷികളും അടിച്ചുനിരപ്പാക്കിയാണ് കൊമ്പന് സ്ഥലം വിട്ടത്. സംഭവത്തിന്റെ ആഘാതത്തില്‍ കുഴഞ്ഞു വീണ മുത്തയ്യ ഇപ്പോള്‍ മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.