തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയ്ക്കുനേരെയുണ്ടായ ആക്രമണ കേസിലെ പ്രതിയെ സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.
സംശയത്തിന്റെ പേരിൽ പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർഥ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. ഇന്നലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ അക്രമത്തിന് പിന്നിൽ ഇയാളാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രതിയെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹെൽമറ്റ് ധരിച്ച ഒരു യുവാവ് കടന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നന്പറോ അക്രമിയുടെ മുഖമോ വ്യക്തമല്ല.
ഈ രൂപം കുടുതൽ വ്യക്തത വരുത്താനായി സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്.
സ്ത്രീകൾക്കുനേരേ അക്രമവും പീഡനവും നടത്തുന്ന സ്വഭാവക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നാണ് പേട്ട പോലീസ് വ്യക്തമാക്കുന്നത്.
തലസ്ഥാന നഗരത്തിൽ ഈ അടുത്തകാലത്തായി സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അക്രമണങ്ങളുടെ എണ്ണം പെരുകുകയാണ്.
കഴിഞ്ഞ 13ന് രാത്രിയാണ് മൂലവിളാകം സ്വദേശിനി 49കാരിയായ വീട്ടമ്മ തലവേദനയ്ക്കുള്ള മരുന്ന് വാങ്ങാനായി ടൂ വീലറിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്ര തിരിച്ചത്.
ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് കടന്ന് പിടിച്ചു തല മതിലിൽ ശക്തിയായി ഇടിപ്പിച്ച് പരിക്കേൽപ്പിച്ചത്.
പേട്ട പോലീസിൽ ഫോണിലൂടെ വിളിച്ച് സഹായം തേടിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു.
അക്രമത്തിനിരിയായ വീട്ടമ്മയുടെ വീട്ടിൽ ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , ഡിസിസി പ്രസിഡന്റ് പാലോട് രവി, മഹിളാ കോണ്ഗ്രസ് നേതാക്കൾ ഉൾപ്പെടെ സന്ദർശനം നടത്തിയിരുന്നു.
പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് സംസ്ഥാനത്ത് സ്ത്രീകൾക്കുനേരേ അക്രമം പെരുകാൻ കാരണമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.