മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകെ 54 ശതമാനം മത്തി കുറഞ്ഞു. കേരളത്തിലെ കുറവ് 39 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 കിട്ടിയതിനേക്കാള്‍ ഏകദേശം അമ്പതിനായിരം ടണ്‍ കുറവാണ് മത്സ്യത്തിന്റെ ലഭ്യതയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 77,093 ടണ്‍ മത്തിയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത്.
എന്നാല്‍ സംസ്ഥാനത്ത് മറ്റ് മീനുകളുടെ ലഭ്യത ഉയര്‍ന്നതിനെത്തുടര്‍ന്ന് ആകെ മത്സ്യ ലഭ്യത 10 ശതമാനം വര്‍ധിച്ചു. 6.42 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് 2018 ല്‍ പിടിച്ചത്. 2017ല്‍ ഇത് 5.85 ലക്ഷം ടണ്‍ ആയിരുന്നു. സംസ്ഥാനത്ത് അയല മീനിന്റെ ലഭ്യത ഗണ്യമായി വര്‍ദ്ധിച്ചെന്ന് കണക്ക് പറയുന്നു. 2017 ലേക്കാള്‍ 142 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. കൊഴുവ, കിളിമീന്‍, ചെമ്മീന്‍, കൂന്തല്‍-കണവ എന്നിവയുടെ ലഭ്യതയും കേരളത്തില്‍ വര്‍ദ്ധിച്ചു.
ഇന്ത്യയില്‍ ആകെ മത്സ്യോല്‍പ്പാദനം 34.9 ലക്ഷം ടണ്‍ ആണെന്ന് 2018 ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2017നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണിത്. ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മത്സ്യമായ മത്തി, ദേശീയ തലത്തില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്. ഇതോടൊപ്പം പശ്ചിമ ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതും ഒരു കാരണമാണ്. എന്നാല്‍ പതിവിന് വിപരീതമായി ക്ലാത്തി മത്സ്യം കൂടിയിട്ടുണ്ടെന്നും സിഎംഎഫ്ആര്‍ഐ പറയുന്നു.
കേരളം ഇക്കുറിയും മത്സ്യോല്‍പ്പാദനത്തില്‍ രാജ്യത്ത് മൂന്നാമതാണ്. ഗുജറാത്ത് ഒന്നാം സ്ഥാനത്തും തമിഴ്നാട് രണ്ടാം സ്ഥാനത്തുമാണ്. ആകെ മത്സ്യോല്‍പ്പാദനത്തിന്റെ 25 ശതമാനമാണ് കേരളത്തില്‍ നിന്ന് കിട്ടിയത്. സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് വിഭാഗമാണ് പുതുതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി കണക്കുകള്‍ തയ്യാറാക്കിയത്.