മണ്ണിൽ പുതഞ്ഞ്, കല്ലുകൾക്കും വേരുകൾക്കുമിടയിൽ ഒരു മുഖം.. വിരലുകൾ ചുരുട്ടിപ്പിടിച്ച കുഞ്ഞുകൈയും കാലും… ജീവനോടെ പാതി കുഴിച്ചുമൂടപ്പെട്ട ഒരു പുതുജീവനായിരുന്നു അത്.
ഉത്തരാഖണ്ഡിലെ ഖാത്തിമ എന്ന സ്ഥലത്തെ ഒരു ഫാമിൽ ഈ കാഴ്ചകണ്ട തൊഴിലാളികൾ ഒരുവേള ഹൃദയം കൈയിൽപ്പിടിച്ചുനിന്നു.
മണ്ണിനു മുകളിൽ ആ പിഞ്ചുമുഖം ഉയർന്നു കണ്ടില്ലായിരുന്നെങ്കിൽ ഒരു കൈക്കോട്ടിനോ ട്രാക്ടർ ചക്രങ്ങൾക്കോ അടിയിൽ തീർന്നുപോകുമായിരുന്നു, തുടങ്ങിയിട്ടുപോലുമില്ലാത്ത ആ ജീവിതം. ഭാഗ്യം, ആ കുരുന്നു ജീവൻ പൊലിഞ്ഞില്ല!
എത്രനാൾ, അല്ലെങ്കിൽ എത്രനേരം ആ കുഞ്ഞ് ചെളിയിൽ പുതഞ്ഞുകിടന്നു എന്നറിയില്ല. തൊഴിലാളികൾ കണ്ടെത്തുന്പോൾ അതിന് അനക്കമില്ലായിരുന്നു. ചെറിയ കുഴിയെടുത്ത് ഒരു തുണിവിരിച്ചാണ് കുഞ്ഞിനെ മണ്ണിട്ടു മൂടിയത്.
എങ്ങനെയോ തലയുടെ അല്പം ഭാഗവും ഓരോ കൈകാലുകളും പുറത്തുവന്നു. ഓടിക്കൂടിയ തൊഴിലാളികൾ ഒരു നിമിഷം സ്തബ്ധരായി നിന്നെങ്കിലും ഒട്ടും വൈകാതെ കുഞ്ഞിനെ പുറത്തെടുത്തു.
സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യത്തിൽ ഒരു തൊഴിലാളി സ്ത്രീ ആ കുഞ്ഞിന്റെ ഇളംചുണ്ടുകളിൽനിന്ന് മണ്ണു തുടച്ചു മാറ്റുന്നതു കാണാം.
ചെളിപിടിച്ചുണങ്ങിയ ആ മുടിയിഴകളിൽ ആരെങ്കിലും നെഞ്ചുപിടഞ്ഞു തലോടിയപ്പോഴാകാം കുഞ്ഞുജീവൻ വീണ്ടും ചൂടുപിടിച്ചത്. അവർ അലറിവിളിച്ച് കുഞ്ഞിനെക്കൊണ്ട് ആശുപത്രിയിലെത്തി.
അവിടെനിന്നു ലഭിച്ച പരിചരണം ആ കുരുന്നുജീവനെ പറന്നകലാതെ കാത്തു.ആ പാവം തൊഴിലാളികൾക്കുകൂടിയാവണം ജീവൻ തിരിച്ചുകിട്ടിയത്. ഇല്ല, കരുണ വറ്റിയിട്ടില്ല.
-വി.ആർ.