ഗാന്ധിനഗർ: പ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ പത്തനംതിട്ട ഓമല്ലൂരിലെ ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തു. സിഡബ്ലുസി നിർദേശപ്രകാരമാണ് സർക്കാർ ശിശു സംരക്ഷണ കേന്ദ്രം ഏറ്റെടുത്തത്.
പ്രസവശേഷം മാതാവ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ചെങ്ങന്നൂർ പോലീസാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന നവജാതശിശുവിനെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.
രാവിലെ 11ന് ആശുപത്രി സൂപ്രണ്ടും ചികിത്സയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ഡോ.കെ.പി. ജയപ്രകാശ് കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് 2.50ന് പത്തനംതിട്ടയിൽനിന്നു കേരള ശിശുക്ഷേമ വകുപ്പിന്റെ വാഹനം എത്തി.
കുട്ടിയെ ആശുപത്രിയിൽ പരിചരിച്ചിരുന്ന ഓമല്ലൂരിലെ ശിശു സംരക്ഷണ കേന്ദ്രത്തിലെ രണ്ടു വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു.
1.300 ഗ്രാം തൂക്കമുണ്ടായിരുന്ന നവജാത ശിശുവിന് ഇപ്പോൾ1.420 ഗ്രാം തൂക്കമുണ്ട്. നവജാത ശിശുവിനുണ്ടാകാറുള്ള മഞ്ഞനിറം ബാധിച്ചിരുന്നുവെങ്കിലും ഫോട്ടോ തെറാപ്പി നടത്തി രോഗവിമുക്തി വരുത്തി. ശബ്ദ പരിശോധനയും നടത്തി.
പൂർണ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തിയ ശേഷമാണ് 15 ദിവസത്തെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് അറിയിച്ചു.
ആറന്മുള കോട്ട സ്വദേശിനിയായ യുവതിയാണ് പ്രസവ ശേഷം ശുചിമുറിയിലെ ബക്കറ്റിൽ ശിശുവിനെ ഉപേക്ഷിച്ചിരുന്നത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം.
ശിശുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച ശേഷം സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ ചികിത്സ നൽകി.
ആദ്യദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കുട്ടികളുടെ മാതാക്കളിൽനിന്നു മുലപ്പാൽ ശേഖരിച്ചു ട്യൂബ് വഴിയാണ് കുട്ടിക്കു നൽകിയിരുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ ഡോ. കെ. സൂര്യ, ഡോ. ബിനി ചാണ്ടി, ഡോ. ഡാർലി സാറാ മാമ്മൻ, ഡോ. അരുൺ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സ നടത്തിയത്.
രണ്ടാഴ്ചയ്ക്കുശേഷം കുട്ടിയെ വീണ്ടും പരിശോധനയ്ക്കു കൊണ്ടുവരുമെന്നും ഇതിനിടയിൽ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായാൽ വിളിക്കാൻ ഫോൺ നമ്പറുകൾ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരുടെ കൈവശം കൊടുത്തിട്ടുണ്ടെന്നും ഡോ. ജയപ്രകാശ് അറിയിച്ചു.
അമ്മ ഉപേക്ഷിച്ചാലും സർക്കാർ തണലൊരുക്കും
ഗാന്ധിനഗർ: ആറന്മുള കോട്ടയിൽ യുവതി പ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സിച്ച് പൂർണ ആരോഗ്യത്തോടെ വനിതാ ശിശുവികസനവകുപ്പിന് കൈമാറിയെന്നും ഈ കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
കുഞ്ഞിന്റെ പരിചരണത്തിനായി കെയർ ഗിവറുകളുടെ സേവനം നേരത്തേ തന്നെ ലഭ്യമാക്കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് ചികിത്സ നടത്തിയത്.
കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ മുഴുവൻ ടീമിനും ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചു.
കൂടാതെ കേരളത്തിനു പുറത്തുനിന്നും വിദേശ രാജ്യങ്ങളിൽനിന്നും നിരവധി പേർ നവജാത ശിശുവിന്റെ ആരോഗ്യനിലയെ സംബന്ധിച്ചു വിളിച്ചിരുന്നതായും അധികൃതർ പറഞ്ഞു.