കാട്ടാക്കട: വീട്ടിലെ കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ചു പുറത്തെടുക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പാളി. വെടിയേറ്റ കരടി വെള്ളത്തിൽ താണു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കരടിയെ ഒന്നരമണിക്കൂറിനുശേഷമാണ് പുറത്തെടുക്കാനായത്.
കരടിയുടെ ആരോഗ്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്താതെ വനംവകുപ്പ് കരടിയെ പരുത്തിപ്പള്ളിയിലെ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. പൂവച്ചൽ ഉറിയാക്കോടിനു സമീപം കടുക്കാമൂട് കണ്ണമ്പള്ളിയിലെ അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്.
ഇന്നലെ രാത്രി 12 നാണ് കരടി കിണറ്റിൽ വീണത്. അപരിചിതമായ ശബ്ദം കേട്ട് അരുണിന്റെ വീട്ടുകാർ ഉണർന്നപ്പോൾ കണ്ടത് കരടിയെയാണ്. ഉറക്കെ ഇവർ നിലവിളിക്കുകയും ഓടിച്ച് വിടാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് കരടി അടുത്തുള്ള കോഴികൂട്ടിലേക്ക് പോയി കോഴിയെ പിടിക്കാൻ ശ്രമിച്ചു. ഇതിനിടെ കോഴി ഓടി സമീപത്തെ കിണറ്റിൽ ഇരുന്നു.
ഇത് കണ്ട കരടി കോഴിയെ വീണ്ടും പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മേൽമൂടി തകർന്ന് കരടിയും കോഴിയും കിണറ്റിൽ വീണത്. തുടർന്ന് അയൽവാസികൾ ഓടിക്കൂടി വിവരം പഞ്ചായത്തിനേയും വനം വകുപ്പിനെയും അറിയിച്ചു.
അവർ എത്തിയാണ് കരടിയെ പിടികൂടാൻ ശ്രമം തുടങ്ങിയത്. കരടിയെ മയക്കുവെടി വച്ച് പുറത്തെടുക്കാനാണ് ശ്രമിച്ചത്.കണ്ണമ്പള്ളിയിലെ കിണറ്റിൽ വീണ കരടിയെ മ്യൂസിയത്തിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടർ ആണ് മയക്കുവെടി വച്ചത്.
9.25നാണ് ആദ്യത്തെ മയക്കു വെടി വച്ചത്. രണ്ടാമത്തെ മയക്കുവെടിയിലാണ് കരടിയ്ക്ക് ബോധം നഷ്ടപ്പെട്ടത്. രണ്ടാമത്തെ വെടി വയ്ക്കുന്നതിനിടെ കരടിയുടെ കാല് കിണറിയിലെ തൊടിയിൽ വച്ചിരുന്നു.
വെടിയേറ്റതോടെ ബോധം നഷ്ടപ്പെട്ട കരടി കിണറിന്റെ ആഴത്തിലേക്ക് മുങ്ങി താണു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കിണറിൽ ഇറങ്ങി കരടിയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും പ്രതികൂല അവസ്ഥയെത്തുടർന്ന് തിരിച്ചു കയറുകയായിരുന്നു.
ഒടുവിൽ കിണറിലെ വെള്ളം വറ്റിക്കാനുള്ള നീക്കം ആരംഭിച്ചു. ഇതിനായി രണ്ടു മോട്ടോറുകൾ എത്തിച്ചു കിണർ വറ്റിച്ചു. ഏറെനേരം വെള്ളത്തിൽ മുങ്ങിക്കിടന്ന കരടി രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നും ഇത് സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടർ ജേക്കബ് അലക്സാണ്ടർ പറഞ്ഞു.
മതിയായ ക്രമീകരണങ്ങൾ നടത്തിയാണ് മയക്കു വെടി വച്ചതെന്നും കരടി മുങ്ങിപ്പോകാതെ കിണറിൽ സ്ഥാപിച്ച വലയുടെ ഒരു വശം ചരിഞ്ഞതാണ് കരടി വെള്ളത്തിൽ മുങ്ങിപ്പോകാൻ കാരണമെന്നും ഡോക്ടർ പറഞ്ഞു.
അതേസമയം വെള്ളത്തിൽ വച്ച് തന്നെ കരടിയെ മയക്കുവെടി വച്ചതാണ് കരടി മുങ്ങിപ്പോകാൻ കാരണമെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. വനത്തിൽ നിന്നും അകലെയാണ് ഈ ഗ്രാമം. എന്നാൽ കരടി എവിടെ നിന്നും വന്നുവെന്ന് ആർക്കും അറിയില്ല. കിണറ്റിൽ കരടി വീണതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ.