വിവാഹം ഒരാളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണെന്നാണല്ലൊ വെയ്പ്പ്.
അതിനാല്‍തന്നെ ഏറ്റവും യോജിച്ചവരെ തമ്മില്‍ ചേര്‍ക്കാന്‍ മുതിര്‍ന്നവര്‍ ആവുന്നത്ര ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ചിലര്‍ ഈ തെരഞ്ഞെടുപ്പ് ദൗത്യം സ്വയം നിര്‍വഹിക്കാറുണ്ട്.
എന്നാല്‍ പല കാരണങ്ങളാല്‍ വിവാഹങ്ങള്‍ മുടങ്ങാറുണ്ടല്ലൊ. അത്തരം സംഭവങ്ങളും തുടര്‍ന്നുള്ള പ്രശ്നങ്ങളും നാം വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും കാണാറുണ്ടല്ലൊ.
എന്നാല്‍ അടുത്തിടെ ഉത്തര്‍പ്രദേശിലെ ഒരു വിവാഹം മുടങ്ങിയത് വേറിട്ട ഒരു കാരണം നിമിത്തമാണ്.
ഒരു ചുംബനമാണ് ഇവിടെ വില്ലനായത്. വിവാഹത്തിന്റെ ചടങ്ങുകള്‍ അവസാനിച്ച ശേഷം അതിഥികള്ക്കടുത്തായി നില്‍ക്കുകയായിരുന്നു വരനും വധുവും.
അപ്പോള്‍ പന്തയ പ്രിയനായ വരനോട് സുഹൃത്തുക്കള്‍ ഒരു പന്തയം അങ്ങുവച്ചു. മറ്റൊന്നുമല്ല ഇത്രയും പേരുടെ മുന്നില്‍വച്ച് വധുവിനൊരു ഉമ്മ കൊടുക്കുക.
മറ്റൊന്നും ചിന്തിക്കാതെ വരന് പന്തയം ജയിക്കാനായി 300 ഓളം അതിഥികള്‍ക്ക് മുന്നില്‍വച്ച് പെണ്‍കുട്ടിക്കൊരു ഉമ്മയങ്ങ് കൊടുത്തു.
എല്ലാവരും ഒന്നുഞെട്ടി. വധുവും ഞെട്ടി. പക്ഷെ പിന്നീട് ഞെട്ടിയത് വരനും മറ്റുള്ളവരുമാണ്.
കാരണം ഈ പ്രവൃത്തി വധുവിനത്ര പിടിച്ചില്ല. അനവസരത്തിലെ ഈ സ്പര്‍ശനം അനുചിതമായി തോന്നിയ വധു വിവാഹത്തില്‍ നിന്നും പിന്മാറി.
ഇത്തരത്തില്‍ പെരുമാറിയ വരന്റെ സ്വഭാവത്തില്‍ തനിക്ക് സംശയമുണ്ടെന്നാണ് വധു പറഞ്ഞത്. പോരാഞ്ഞ് പോലീസിലും അവര്‍ പരാതി നല്കി.
അതോടെ എല്ലാവരും കുഴങ്ങി. സ്വന്തം വീട്ടുകാരും വധുവിനെ തിരുത്താന്‍ ശ്രമിച്ചെങ്കിലും ആ വധു കുലുങ്ങിയില്ല. കല്യാണം കഴിഞ്ഞിട്ടല്ലെ ഉമ്മ തന്നത് എന്നുപോലും ചില ബന്ധുക്കള്‍ പറഞ്ഞത്രെ.
ഏതായാലും ഏറ്റവും കുഴങ്ങിയത് പോലീസുകാരാണ്. കേസെടുക്കണൊ പിരിക്കണൊ എന്നൊന്നും അവര്‍ക്കൊരു എത്തുംപിടിയും കിട്ടിയില്ല.
കുറച്ച് ദിവസം കാത്തിരിക്കാനും വധുവിന്റെ കോപം മാറിശേഷവും ഇതേനിലപാടാണെങ്കില് പരാതി നല്‍കാമെന്നും ഒടുവില്‍ വധുവിന്റെ അമ്മ പറഞ്ഞിരിക്കുകയാണ്.
ഏതായാലും പന്തയത്തില്‍ ജയിച്ച വരന് വിവാഹ ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് വെെകാതെ അറിയാം.