ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് മുന്‍ ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക് നന്ദി എന്നായിരുന്നു രാഷ്ട്രീയ നയതന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്.
ട്വിറ്ററിലായിരുന്നു പ്രതികരണം. സി.എ.എ നിയമത്തോടുള്ള എതിര്‍പ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡല്‍ഹിയില്‍ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്.
മുസ്ലിം ഭൂരിപക്ഷ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകള്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ സര്‍ക്കാരിനെ പ്രാപ്തരാക്കുന്ന പൗരത്വ നിയമത്തെ നിശിതമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് പ്രശാന്ത് കിഷോര്‍.
നിര്‍ദ്ദിഷ്ട പൗരന്മാരുടെ രജിസ്റ്ററുമായി ചേര്‍ന്നുള്ള പൗരത്വ നിയമം മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന് അടിവരയിട്ട ആദ്യകാല രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു കിഷോര്‍.
ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരായ ഈ നിലപാടിനോടുള്ള എതിര്‍പ്പാണ് നിതീഷ് കുമാറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവസാനിപ്പിക്കാന്‍ കാരണമായത്. പ്രത്യേകിച്ചും ജെഡിയു, ഡല്‍ഹി തിരഞ്ഞെടുപ്പിനു വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായതിനുശേഷം.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കിഷോറിന്റെ നീക്കങ്ങള്‍ക്ക് പ്രധാന്യമേറെയാണ്. 2014ല്‍ ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ സഹായിച്ചത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു എന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.
2015ലെ ബിഹാര്‍ നിയമസഭാ ഇലക്ഷനില്‍ മഹാ സഖ്യത്തെ അധികാരത്തിലേറാന്‍ സഹായിച്ചതും പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു. 2020ല്‍ ആപ്പിന്റെ ഉജ്ജ്വല വിജയത്തോടെ പ്രശാന്ത് കിഷോറിന്റെ പ്രസക്തി വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്.