കൊച്ചി: വാടകയ്ക്കെടുത്ത കാമറ മറിച്ചു വിറ്റ സംഭവത്തില്‍ പ്രതി കാമറ കൈമാറിയ വയനാട്ടുകാരനെ കണ്ടെത്തുന്നതിനായി മരട് പോലീസ് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇടുക്കി കട്ടപ്പന നിര്‍മലാ സിറ്റി പുതുശേരില്കുടിയില് വീട്ടില്‍ ആനന്ദ് (28) ആണ് മരട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രില്‍ 28ന് മരടിലെ ലൂമിനാസ് ഫിലിം ഫാക്ടറി എന്ന സ്ഥാപനത്തില്‍ നിന്നും സോണി കമ്പനി നിര്‍മിതമായ വീഡിയോ കാമറ, ബാറ്ററി, മെമ്മറി കാര്‍ഡ് തുടങ്ങി 3,25,000 രൂപ വില വരുന്ന സാധനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം കടന്നു കളയുകയായിരുന്നു.
കാമറ വയനാട് സ്വദേശിയായ സുഹൃത്തിന് കൈമാറിയതായാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതി പിടിയിലായത് അറിഞ്ഞ് എലത്തൂര്‍, കുണ്ടറ ഭാഗങ്ങളില്‍നിന്ന് സമാനരീതിയിലുള്ള തട്ടിപ്പിന് ഇരയായവര്‍ മരട് പോലീസിലേക്ക് വിളിച്ചിരുന്നു.
റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയിലെടുത്ത് വരും ദിവസങ്ങളിൽ പോലീസ് ചോദ്യം ചെയ്യും. വിവിധ ജില്ലകളില്‍ ഇയാള്‍ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.