തിരുവനന്തപുരം: കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുളളിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന്റെ അനുമതി തേടാൻ പൊലീസ്.
പ്രതികൾക്കെതിരെ വ്യോമയാന നിയമപ്രകാരമുള്ള വകുപ്പ് ചുമത്തിയത് കൊണ്ട് കുറ്റപത്രത്തിന് കേന്ദ്ര അനുമതി വേണമെന്നുള്ളതിനാലാണ് ഈ നീക്കം.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഉയർന്ന അവസരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം. വിമാനയാത്രക്കിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
ഗൂഢാലോചനയിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനേയും പ്രതി ചേർത്തിരുന്നു. ഇൻഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന ലഭിച്ചതിനുശേഷം പോലീസ് പ്രോസിക്യൂഷൻ അനുമതി തേടും.
ഈ മാസം തന്നെ ഫൊറൻസിക് റിപ്പോർട്ട് നൽകണമെന്ന് പ്രത്യേക സംഘം ഫൊറൻസിക് ഡയറക്ടർറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം യൂത്ത് കോണ്ഗ്രസ് പ്രവർത്തരെ ഇ.പി.ജയരാജൻ ആക്രമിച്ച കേസിൽ റിപ്പോർട്ട് കോടതിയിൽ വൈകാതെ സമർപ്പിക്കും.