തൃശൂർ: കമ്പനി പറഞ്ഞ മെെലേജ് കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട കാറുടമയ്ക്ക് മൂന്നു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി.
കാറിന് കമ്പനി വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസിലാണ് ഉടമയ്ക്ക് നഷ്ടപരിഹാരം നല്കാന് കോടതി വിധിയുണ്ടായത്.
തൃശൂർ ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയാണ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതിയിൽ കാറുടമയ്ക്ക് 3,10000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചത്.
ഒരു ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ ഓടാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ കാറിന്റെ മൈലേജ് ഇരുപത് കിലോമീറ്ററില്‍ താഴെയാണ് ലഭിച്ചത്.
ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു.
ഇതാണ് കേസിൽ പ്രധാന തെളിവായതും കോടതി തീരുമാനം എടുത്തതും.
2014ല്‍ ആണ് സൗദാമിനി ഫോര്‍ഡിന്റെ പുതിയ കാർ എട്ട് ലക്ഷം രൂപ മുടക്കി സ്വന്തമാക്കിയത്.
റൂമിലെത്തിയപ്പോൾ കമ്പിനിയുടെ എക്സിക്യൂട്ടീവ് കാറിന് 32 കിമി മൈലേജ് ലഭിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതായി സൗദാമിനി കോടതിയെ അറിയിച്ചു.
ഇതൊക്കെ വിശ്വസിച്ച് വാഹനം വാങ്ങി ഓടിച്ച് തുടങ്ങിയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയതെന്നും സൗദാമിനി കോടതിയെ അറിയിച്ചു.
ഇതോടെ സൗദാമിനി പരാതി നൽകുകയായിരുന്നു. കമ്മീഷന് വെച്ച് പരിശോധിച്ചപ്പോഴും കാറിന് 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചതെന്നും കോടതി വിലയിരുത്തി.
ഇതിൻ്റെ അടിസ്ഥാനത്തിൽ കാറുടമയ്ക്ക് മൂന്ന് ലക്ഷം രൂപ നൽകാൻ കോടതി വിധിക്കുകയായിരുന്നു.