കോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരില്‍ എം.കെ.രാഘവന് എംപിയോടു കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തേക്കും. ഇതിന്റെ ഭാഗമായി ഉടനെത്തന്നെ വിശദീകരണം തേടും.
രാഘവന്റെ നിലപാടിനെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉൾപ്പെടെ രംഗത്തെത്തി. രാഘവനെതിരേ നടപടി വേണമെന്നാണ് കോഴിക്കോട് ഡിസിസിയുടെ റിപ്പോര്‍ട്ട്.
വിമര്‍ശനവും വിയോജിപ്പും പറ്റില്ലെന്നും വാഴ്ത്തലും പുകഴ്ത്തലും മാത്രമുള്ള അവസ്ഥയിലേക്ക് പാര്‍ട്ടി മാറിയെന്നുമാണ് കോഴിക്കോട്ട് ഇന്നലെ രാവിലെ നടന്ന പരിപാടിയില്‍ രാഘവന് പറഞ്ഞത്.
പ്രസംഗം സംബന്ധിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ നല്കിയ റിപ്പോര്‍ട്ടിന്റ് അടിസ്ഥാനത്തിലായിരിക്കും വിശദീകരണ നോട്ടീസ്.
പ്രസംഗത്തെക്കുറിച്ച് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പ്രവീണ്‍കുമാറിനോടു റിപ്പോര്‍ട്ട് തേടിയിരുന്നു. രാത്രിയില്‍ തന്നെ ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതൃത്വത്തെ അപമാനിക്കാനാണ് രാഘവന് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഘവനെതിരേ നടപടി ആവശ്യമാണെന്ന് ഡിസിസി പ്രസിഡന്റ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസിലുള്ളതെന്ന് രാഘവന് കുറ്റപ്പെടുത്തിയിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി.
അര്‍ഹതയുള്ളവര്‍ പുറത്ത് നില്ക്കുന്നു. വാഴ്ത്തലവും പുകഴ്ത്തലുമായി പാര്‍ട്ടി മാറുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഒരാളോടും നേതൃത്വത്തിന് പ്രതിബദ്ധതയില്ല.
രാജാവ് നഗ്നനാണെന്ന് പറയാനും ആരും തയാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരില്‍ ആരും ഒന്നും പറയില്ലെന്നും കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ പി. ശങ്കരന് അനുസ്മരണവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യവെ രാഘവന് കുറ്റപ്പെടുത്തിയിരുന്നു.
വി.എം. സുധീരനെ പോലെയുള്ളവരെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരണം. പാര്‍ട്ടിയുടെ ഗുണപരമായ മാറ്റത്തിന് വേണ്ടി എന്നും നിലപാടെടുത്ത നേതാവാണ് സുധീരന്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന നേതാവല്ല സുധീരനെന്നും രാഘവന് പറഞ്ഞിരുന്നു.
പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍:കെ.സി. വേണുഗോപാല്‍
ആലപ്പുഴ: എം.കെ. രാഘവന്റെ പരസ്യപ്രതികരണം പാർട്ടിക്കു ഗുണം ചെയ്യില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാഘവന് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
മണിക്കൂറുകളോളം പ്ലീനറിയില്‍ ഇരുന്ന രാഘവൻ തന്റെ അഭിപ്രായം അവിടെ പറയേണ്ടിയിരുന്നു. അവിടെ സംസാരിക്കാതെ പൊതുയോഗത്തില്‍ പറയുന്നത് അംഗീകരിക്കാനാവില്ല. വിമർശനങ്ങൾ സ്വാഭാവികമാണ്. പാര്‍ട്ടിക്കാര്യങ്ങള്‍ പുറത്തുപറയുന്നത് എല്ലാവരും ഒഴിവാക്കണമെന്നും കെ.സി. പറഞ്ഞു.
കെപിസിസിയിൽ വേണ്ടത്ര ചർച്ച നടക്കുന്നില്ല: കെ. മുരളീധരൻ
തിരുവനന്തപുരം: കെപിസിസിയിൽ വേണ്ടത്ര ചർച്ച നടക്കുന്നില്ലെന്ന് കെ. മുരളീധരൻ എംപി. രാഷ്ട്രീയകാര്യ സമിതി വിളിച്ച് അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതൃത്വത്തിനെതിരായ എം.കെ.രാഘവന്റെ പ്രസംഗം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംകെ രാഘവന്റെ പ്രസംഗത്തില്‍ കെപിസിസി റിപ്പോർട്ട് തേടിയതിൽ തെറ്റില്ല. എന്നാൽ ഡിസിസിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.