തിരുവല്ല : മണിമല,പമ്പ നദികള്‍ സംഗമിക്കുന്ന സ്ഥലത്തെ ആഴക്കയത്തില്‍ വീണ അമ്മയ്ക്കും പിഞ്ചു കുഞ്ഞിനും രക്ഷയായത് യുവതിയുടെ ധൈര്യം. പാടിയാടി ഓട്ടോഫീസ് കടവിലെ ആഴക്കയത്തില്‍ വീണ തമിഴ്നാട് മണ്ണാര്‍കുടി സ്വദേശിനി അമലയ്ക്കും രണ്ടു വയസുള്ള മകന്‍ റിയാനും രക്ഷയായത് കോഴഞ്ചേരി സ്വദേശിനിയായ സുബി സുനിലി(34)ന്റെ ചങ്കുറപ്പാണ്.
ഓട്ടാഫീസ് കടവില്‍ ജെനു മോന്‍സ് കോട്ടേജിന്റെ ഔട്ട്ഹൗസിലാണ് അമലയും ഭര്‍ത്താവ് റീഗനും ഇരട്ടക്കുട്ടികളായ റിയാനും റിയോയ്ക്കുമൊപ്പം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് മക്കള്‍ ആറ്റരികിലേക്ക് ഓടുന്നതുകണ്ട് അമല പിന്നാലെയോടി. അമ്മ വരുന്നതു കണ്ട് റിയോ തിരിച്ചോടിയെങ്കിലും റിയാന്‍ കാലുതെറ്റി വെള്ളത്തിലേക്കാണു വീണത്.
നിലവിളിച്ചു കൊണ്ട് അമല പിന്നാലെ ചാടി. നദിയിലെ ചുഴികള്‍ ഇവരെ ആഴത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടാണ് സമീപത്തുള്ള വീട്ടില്‍ സഹായിയായി നില്‍ക്കുന്ന സുബി ഓടിയെത്തിയത്. വെള്ളത്തിലേക്കു ചാടിയ സുബി ആദ്യം റിയാനെയും പിന്നീട് അമലയെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.