സിപിഎമ്മും പോഷക സംഘടനകളും ചേര്‍ന്ന് പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. റാങ്ക് പട്ടികയിലുള്ളവര്‍ സഹിതം ആയിരക്കണക്കിന് യുവാക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധമുയര്‍ത്തുന്നത്. പ്രതിസ്ഥാനത്ത് സര്‍ക്കാരിന് വേണ്ടപ്പെട്ടവരാകുന്നതിനാല്‍ സര്‍ക്കാരിനെതിരേയും ജനരോഷം ഉയരുകയാണ്.
ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില്‍ ഭരണത്തിലുള്ളവരുടെ ഒത്താശയോടെ അട്ടിമറി നടന്നുവെന്ന ധാരണ പടരുന്നത് സര്‍ക്കാരിനു ശുഭകരമല്ല. ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നത് സര്‍ക്കാരിന്റെ മറ്റൊരു പൊല്ലാപ്പ്.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത് മറ്റൊരു നാടകമായാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വിശദീകരിച്ചുകൊണ്ട് പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞതിങ്ങനെ: സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പു നടന്നു. പരീക്ഷാസമയം ഉച്ചയ്ക്കു 2 മുതല്‍ 3.15 വരെ. അതായത് 75 മിനിറ്റ്.പിഎസ്സി ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ 75 മിനിറ്റിനുള്ളില്‍ ആര്‍.ശിവരഞ്ജിത്തിന് 96ഉം പി.പി.പ്രണവിന് 78ഉം എസ്എംഎസുകള്‍. ഇരുവരും പരീക്ഷ എഴുതിയതു കിലോമീറ്ററുകള്‍ അകലെയുള്ള സ്‌കൂളുകളില്‍.
ശിവരഞ്ജിത്തിനു 2 നമ്പരുകളില്‍ നിന്നും പ്രണവിനു 3 നമ്പരുകളില്‍ നിന്നും എസ്എംഎസുകള്‍ വന്നു. ഇതില്‍ ഒരു നമ്പരില്‍നിന്നു 2 പേര്‍ക്കും എസ്എംഎസുകള്‍ വന്നിട്ടുണ്ട്. ഒന്നാം റാങ്ക് ലഭിച്ച ശിരവഞ്ജിത്തിന് 78.33 മാര്‍ക്കും പ്രണവിന് 78 മാര്‍ക്കും ലഭിച്ചു. ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് തിടുക്കത്തില്‍ പുറത്തുവിട്ടത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎസ്സി യോഗം വിജിലന്‍സിനോടു നിര്‍ദേശിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ശിവരഞ്ജിത്തിനും പ്രണവിനും എസ്എംഎസ് വന്നതു സ്ഥിരീകരിച്ചു. എസ്എംഎസ് വന്ന ഫോണ്‍ നമ്പരുകളും കണ്ടെത്തി. സംഭവം പോലീസിനെ അറിയിച്ച് ഉടനടി നടപടി എടുക്കുന്നതിനു പകരം ചെയതതാവട്ടെ പിഎസ് സി ചെയര്‍മാന്റെ പത്രസമ്മേളനവും.
പിഎസ്സി പരീക്ഷ നടക്കുന്ന കേന്ദ്രത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ വിചാരിച്ചാല്‍ പോലും ചോദ്യം നിസ്സാരമായി ചോര്‍ത്താമെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. മിക്ക പരീക്ഷകളും ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെയാണു നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ 1.30നു തന്നെ പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
2 മണിക്കേ ചോദ്യക്കടലാസ് വിതരണം ചെയ്യൂ. 20 പേരാണ് ഒരു ക്ലാസില്‍ പരീക്ഷ എഴുതുക. പരീക്ഷ എഴുതാനെത്താത്തവര്‍ ഒട്ടേറെ. അവരുടേതായി അധികം വരുന്ന ചോദ്യക്കടലാസുകള്‍ കേന്ദ്രത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണു ശേഖരിക്കുന്നത്. ഇവര്‍ വിചാരിച്ചാല്‍ ചോദ്യക്കടലാസ് നിസ്സാരമായി പുറത്തെത്തിക്കാം; മൊബൈലില്‍ ഫോട്ടോ എടുത്തോ പേപ്പര്‍ മൊത്തമായോ. അധികം വരുന്ന ഉത്തരക്കടലാസുകളുടെ കണക്കെടുക്കാറുണ്ടെങ്കിലും ചോദ്യക്കടലാസിന്റെ കണക്ക് പിഎസ്സി സൂക്ഷിക്കാറില്ല. യൂണിവേഴ്‌സിറ്റി കോളജില്‍ ഇതു പതിവ്.
ക്രമക്കേടിനു സഹായിച്ച പ്രതികളുടെ ഫോണ്‍നമ്പര്‍ വരെ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ചെയര്‍മാന്‍, തട്ടിപ്പുനടന്ന പരീക്ഷാഹാളിലെ ഇന്‍വിജിലേറ്റര്‍മാരുടെ പേരുവിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതെന്തിന്? ഇന്‍വിജിലേറ്റര്‍മാരുടെ പേരു പറഞ്ഞാല്‍ അടുത്ത ചോദ്യം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പിഎസ്സി ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്നായിരിക്കും. ഈ പേരുകളൊന്നും പുറത്തുവരുന്നത് പിഎസ്സിയിലെ ഉന്നതര്‍ ആഗ്രഹിക്കുന്നില്ല.
പരീക്ഷാഫലം അട്ടിമറിക്കാന്‍ കരുത്തുള്ള വലിയൊരു റാക്കറ്റ് പിഎസ്സിയില്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സാധൂകരിക്കുന്നത്. റാക്കറ്റുമായി ബന്ധമുള്ളവര്‍ പിഎസ്സിയുടെ തിരഞ്ഞെടുപ്പു രീതികള്‍ മറികടന്ന് അനര്‍ഹമായി സര്‍ക്കാര്‍ ജോലിക്ക് എത്താം. ആ റാക്കറ്റിന്റെ തുടര്‍ സ്വാധീനമാണ് ഇന്‍വിജിലേറ്റര്‍മാരായും പരീക്ഷാകേന്ദ്രത്തിലെ മേലധികാരികളായും പരക്കുന്നത്. അവരായിരിക്കാം, കുത്തുകേസ് പ്രതികളായ എസ്എഫ്‌ഐക്കാര്‍ക്ക് റാങ്ക് പട്ടികയില്‍ ഇടംനേടാന്‍ സൗകര്യമൊരുക്കിയത്. ഒരു സര്‍ക്കാര്‍ ജോലിയ്ക്കായി അഹോരാത്രം പ്രയത്‌നിക്കുന്ന ഉദ്യോഗാര്‍ഥികളെ ഇളിഭ്യരാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.