കൊച്ചി: നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ചേരാനല്ലൂര്‍ മാട്ടുമ്മല്‍ ഒഴുകുത്തുപറമ്പ് സാബു-സുഗന്ധി ദമ്പതികളുടെ ഏക മകള്‍ അനഘ ലക്ഷ്മിയെ (23) യാണ് കഴിഞ്ഞ 24ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അനഘയുടെ മാതാപിതാക്കള്‍ ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
കലൂര്‍ തറേപ്പറമ്പില്‍ രാകേഷുമായി (അപ്പു-24) നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു അനഘ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് ഇരുവരും വിവാഹിതരായത്.
വിവാഹശേഷം മകളെ ഭീഷണിപ്പെടുത്തി രാകേഷ് ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കും കൂട്ടിയിരുന്നതായും പരാതിയിലുണ്ട്. ഇതിന്റെ വിവരങ്ങള്‍ മകള്‍ വാട്സാപ്പ് വഴി മാതാപിതാക്കള്‍ അയച്ചു നല്‍യിരുന്നു.
മരണം നടന്നതിന്റെ തലേന്ന് രാകേഷ് വീട്ടില്‍ എത്തിയില്ലെന്നു കാണിച്ച് അനഘ മാതാപിതാക്കള്‍ക്ക് ഫോണില്‍ മെസേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെ 7.49ന് ജനറല്‍ ആശുപത്രിയില്‍ എത്തണമെന്ന് ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അവിടെ എത്തിയപ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും പരാതിയിലുണ്ട്.
ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പലപ്പോഴും മകളെ മര്‍ദിച്ചിരുന്നതായും പരാതിയിലുണ്ട്. മകളുടെ മരണശേഷം എറണാകുളം നോര്‍ത്ത് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയ്ക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് അവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
രാകേഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന് പറഞ്ഞു. ഇയാള്‍ക്ക് ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്നു കാണിച്ച് മരിച്ച യുവതി മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.