ലണ്ടന്‍: മരിച്ച സുഹൃത്തിന്റെ ബോഡി രണ്ട് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഷോപിംഗിനായി ഉപയോഗിക്കുകയും ചെയ്തയാള്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി.
ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് സംഭവം. ഡെര്‍ബിയിലെ സ്റ്റോക്ക്ബ്രൂക്ക് ഏരിയയില്‍ നിന്നുള്ള ഡാമിയോണ്‍ ജോണ്സണ്(52) ആണ് കുറ്റസമ്മതം നടത്തിയത്.
ജോണ്‍ വെയ്ന്‍ റെെറ്റ് (71) എന്നയാള്‍ 2018 സെപ്റ്റംബറില്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം 2020 ഓഗസ്റ്റ് 22വരെ ഡാമിയോണ്‍ ജോണ്സണ് ഫ്രീസറില്‍ സൂക്ഷിച്ചുവച്ചു. ഇരുവരും ബര്‍മിംഗ്ഹാം സിറ്റി സെന്ററിലെ ഹോളിവെൽ ഹെഡിലെ ക്ലീവ്ലാന്‍ഡ് ടവറിലെ ഒരു ഫ്ളാറ്റിൽ ഒരുമിച്ചുതാമസിച്ചുവരികയായിരുന്നു.
ഇക്കാലയളവില്‍ പണം നല്‍കാനും പണം പിന്‍വലിക്കാനും സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ഡാമിയോണ്‍ വെയ്ന്‍ റെെറ്റിന്റെ ബാങ്ക് കാര്‍ഡാണ് ഉപയോഗിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡാമിയോണ്‍ ജോണ്സണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ വെയ്ന്‍ റെെറ്റിന്റെ പണം തനിക്കും കൂടി അര്‍ഹതപ്പെട്ടതാണെന്നും അത് ഉപയോഗിച്ചതില്‍ തെറ്റില്ലെന്നുമാണ് ഡാമിയോണിന്റെ വാദം.
നിയമാനുസൃതവും മാന്യവുമായ സംസ്കാരം തടഞ്ഞതിന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വെയ്ന്‍ റൈറ്റിന്റെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.