സിംഹം കാട്ടിലെ രാജാവാണെന്നാണു സങ്കല്‍പ്പം. സിംഹരാജനെ കാട്ടില്‍ വച്ചു കണ്ടാല്‍ ആരും ഭയന്നുവിറയ്ക്കും. മനുഷ്യർ മാത്രമല്ല, മറ്റു മൃഗങ്ങള്‍ പോലും സിംഹത്തിന്റെ അടുത്തേക്കു ചെല്ലാറില്ല.
അത്ര തലയെടുപ്പും ഗാംഭീര്യവുമാണ് മൃഗരാജന്. വിദേശരാജ്യങ്ങളിൽ സിംഹത്തെ വീട്ടില്‍ ഇണക്കിവളര്ത്തുന്നവരുണ്ടെങ്കിലും ഇന്ത്യയില്‍ അത് അനുവദനീയമല്ല.
അടുത്തിടെ ഗുജറാത്തില്‍നിന്നു പങ്കുവച്ച ഒരു സിംഹവീഡിയോ അപൂർവകാഴ്ചയായി. കാട്ടിലെ രാജാവ് നാട്ടിലെത്തിയപ്പോള്‍ നേരിടേണ്ടിവന്ന രസകരവും അതേസമയം അല്‍പ്പം പേടിപ്പെടുത്തുന്നതുമായ വീഡിയോ ആയിരുന്നു അത്.
ഗുജറാത്തിലെ ഗിര്‍ സോമനാഥിലെ ഒരു ഗ്രാമത്തിലാണ് സിംഹം എത്തിയത്. രാത്രിയില്‍ ഗ്രാമവീഥികളിലൂടെ ഗാംഭീര്യത്തോടെ കാട്ടിലെ രാജാവ് നടക്കുമ്പോള്‍ ചുറ്റും കൂടിയത് ഒരുകൂട്ടം തെരുവുനായ്ക്കൾ.
നായ്ക്കൂട്ടം സിംഹത്തെ ആക്രമിക്കാനൊരുങ്ങുമ്പോള്‍ തിരിച്ച് പ്രതികരിക്കാൻ നിൽക്കാതെ സിംഹം അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ഐക്യമത്യം മഹാബലം എന്ന പഴഞ്ചൊല്ലാണ് ഇതുകണ്ടപ്പോൾ ഓര്മവന്നതെന്നായിരുന്നു ചിലരുടെ കമന്റ്. സ്വന്തം ആവാസവ്യവസ്ഥയില്‍നിന്നു ഭക്ഷണം തേടി മറ്റൊരു പ്രദേശത്തേക്കെത്തുന്ന മൃഗങ്ങളുടെ ദുരവസ്ഥ കൂടി വീഡിയോ തുറന്നു കാട്ടി.