പീരുമേട്: കോടതിവളപ്പിൽ വീട്ടമ്മയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസിൽ പീരുമേട് കോടതിയിലെത്തിയ ചക്കുപള്ളം മനകാലയിൽ ബിജുവാണ് ഭാര്യ അമ്പിളിയെ (45) കുത്തിയത്.
കുമളി പോലീസ് ചാർജ് ചെയ്ത കേസിൽ കോടതി സമൻസ് പ്രകാരം എത്തിയതായിരുന്നു ദമ്പതികൾ. കേസ് സംബന്ധിച്ച് വിവരങ്ങൾഎപിപിയുമായി സംസാരിച്ച് മുറിയിൽനിന്ന് ഇറങ്ങിയ അമ്പിളിയെ ബിജു കുത്തുകയായിരുന്നു.കഴുത്തിനു കുത്തേറ്റ അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കഴുത്തിന് പതിനഞ്ചോളം കുത്തുകൾ ഏറ്റിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെ തുടർന്ന് രണ്ടുപേരും വേറേ താമസിക്കുകയായിരുന്നു.
ബിജുവിനെ പീരുമേട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.