ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ മീൻപിടിക്കുന്നതിനിടെ കാണാതായ 65-കാരന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി രണ്ടു മുതലകളെ കൊന്നു.
ശനിയാഴ്ച കെന്നഡീസ് ബെൻഡിൽ വച്ചാണ് മീൻപിടുത്തക്കാരനായ കെവിൻ ഡാർമോഡിയെ കാണാതായത്. അദ്ദേഹത്തെ കാണാതായ സ്ഥലത്തിന്റെ സമീപത്തുനിന്നും കണ്ടെത്തിയ രണ്ട് വലിയ മുതലകളെ ദയാവധം ചെയ്യുകയും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.
4.1 മീറ്ററും 2.8 മീറ്ററും നീളമുള്ള രണ്ട് മുതലകളെയാണ് തിങ്കളാഴ്ച വെടിവച്ച് കൊന്നത്. എന്നാൽ ഒരു മുതലയുടെ ഉള്ളിൽനിന്നും മാത്രമാണ് മനുഷ്യാവശിഷ്ടങ്ങൾ കിട്ടിയത്.
എന്നാൽ ഇവ രണ്ടും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വന്യജീവി ഉദ്യോഗസ്ഥർ കരുതുന്നത്. രണ്ടാമത്തെ മുതലയുടെ ഉള്ളിൽ ശാരീരികാവശിഷ്ടങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടന്നുവരികയാണ്.
ഓസ്ട്രേലിയയുടെ ഉഷ്ണമേഖലാ വടക്ക് ഭാഗത്ത് മുതലകൾ സാധാരണമാണ്. എന്നാൽ ആക്രമണങ്ങൾ വിരളമാണ്. 1985-നു ശേഷം ക്വീൻസ്ലൻഡിൽ ഇത് പതിമൂന്നാം തവണയാണ് മുതലകൾ മനുഷ്യരെ ആക്രമിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.