സാധാരണ ആരാധനാലയങ്ങള്‍ക്കുള്ളിലും വീടുകളിലുമൊക്കെ കയറുമ്പോള്‍ ആളുകള്‍ അവരുടെ പാദരക്ഷ അഴിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇങ്ങനെ ചെരുപ്പഴിച്ചുവച്ചാല് പിന്നീടത് നോക്കുകയേ വേണ്ട.
മിക്കയിടങ്ങളിലും മനുഷ്യര്‍ തന്നെയാകും ഇത്തരത്തില്‍ ചെരുപ്പ് മോഷ്ടിച്ച് കൊണ്ടുപോവുക. ചില സ്ഥലങ്ങളില്‍ ഈ കലാപരിപാടി ചെയ്യുന്നത് കുരങ്ങച്ചന്മാരാണ്.
എന്നാല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന് തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലുള്ള കള്ളന് ഒരല്പം വ്യത്യസ്തനാണ്.
കാരണം ഈ വീഡിയോയിലെ മോഷ്ടാവിന് കാലുകളെ ഇല്ല. എന്നിട്ടും ഒരു ചെരുപ്പും കൊണ്ടങ്ങ് കടന്നുകളയുകയാണ് ആള്.
കാര്യം മറ്റൊന്നുമല്ല ഒരു പാമ്പാണ് ഇവിടെ ചെരുപ്പുമായി പോകുന്നത്. ദൃശ്യങ്ങളില്‍ എവിടെ നിന്നോ ഇഴഞ്ഞെത്തുന്ന ഒരു പാമ്പ് വഴിയില്‍ കണ്ട ഒരു ചെരുപ്പ് കടിച്ചെടുക്കുകയാണ്.
പിന്നീടതുമായി മറ്റൊരു വഴി വേഗത്തില്‍ ഇഴഞ്ഞ് നീങ്ങുകയാണത്. കമന്റുകളില്‍ ബീഹാറില്‍ നിന്നെന്ന് സൂചിപ്പിക്കുന്ന ഈ സംഭവം ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.
“നാളെയൊരു കാലത്ത് കാലുണ്ടായിക്കൂടാ എന്നില്ലല്ലൊ’ എന്നാണൊരു ഉപയോക്താവിന്റെ കമന്റ്.
“മോഷണം മനുഷ്യരുടെ മാത്രം കുത്തകയല്ലല്ലൊ’ എന്നാണ് മറ്റൊരു വിരുതന് പറഞ്ഞിരിക്കുന്നത്.