ഐപിഎല്‍ വല്ലാത്തൊരു മായലോകമാണ്. ആവശ്യത്തിലേറെ പണവും നൈറ്റ് പാര്‍ട്ടികളും ആഡംബരജീവിതവും നല്കുന്ന വല്ലാത്തൊരു ലോകം. കളിക്കാര്‍ വെറും ഉപകരണങ്ങളായ ഇവിടെ വാണവരും പിന്നീട് വീണവരും ഏറെ. ശ്രീശാന്ത് മുതല്‍ കമ്രാന്‍ ഖാന്‍ വരെ നീളുന്നു ഈ പട്ടിക. ഐപിഎലില്‍ മിന്നിക്കത്തി മറഞ്ഞ ചില താരങ്ങളെക്കുറിച്ച്.
കമ്രാന്‍ ഖാന്‍
ഉത്തര്‍പ്രദേശിലെ കുഗ്രാമത്തില്‍ നിന്നെത്തി ഐപിഎലില്‍ വിസ്മയം തീര്‍ത്ത താരമാണ് കമ്രാന്‍ അഹമ്മദ് ഖാന്‍. ദാരിദ്രം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നാണ് 140 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിഞ്ഞ് ഈ ചെറുപ്പക്കാരന്‍ സച്ചിനടക്കമുള്ളവരെ വിസ്മയിപ്പിച്ചത്. ഐപിഎലില്‍ കളിക്കാരെന്നത് നീര്‍കുമിളയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കമ്രാന്‍ ഖാന്‍. ഭാവിതാരമെന്നും ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയാകുമെന്നുമൊക്കെ പ്രവചിക്കപ്പെട്ടിരുന്ന താരമിപ്പോള്‍ ഘോഷിയിലെ (കമ്രാന്റെ നാട്) വീട്ടിലുണ്ട്. തെറ്റായ ബൌളിംഗ് ആക്ഷനെന്ന പേര് പറഞ്ഞ ക്രിക്കറ്റിന്റെ സുവര്‍ണസിംഹാസനത്തിലിരിക്കുന്നവര്‍ എവിടെ നിന്നു കണ്ടെത്തിയോ അവിടെ തന്നെ ഈ താരത്തെ ഉപേക്ഷിച്ചു.
2009ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചിംഗ് ഡയറക്ടറായിരുന്ന ഡാരെന്‍ ബെറി ഒരു യാത്രക്കിടെയാണ് ഗ്രാമീണ ടൂര്‍ണമെന്റില്‍ പന്തെറിയുന്ന കമ്രാനെ കണ്ടെത്തുന്നത്. ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റ് പോലും കളിക്കാത്ത കമ്രാന്‍ അതോടെ ഐപിഎലില്‍ അരങ്ങേറി. രണ്ടുവര്‍ഷത്തിനുശേഷം മാങ്ങയേറുകാരനെന്നു മുദ്രകുത്തപ്പെട്ടതോടെ പുറത്ത്. ഇപ്പോള്‍ ശ്രീലങ്കന്‍ പ്രദേശികലീഗില്‍ കളിച്ചാണ് ക്രിക്കറ്റുമായുള്ള ബന്ധം മുറിയാതെ സൂക്ഷിക്കുന്നത്.
സ്വപ്നില്‍ അസ്‌നോക്കര്‍
കുഞ്ഞന്‍ സംസ്ഥാനമായ ഗോവയില്‍നിന്നുള്ള ആദ്യ താരമെന്ന ഖ്യാതിയുമായാണ് സ്വപ്നില്‍ അസ്‌നോക്കര്‍ ഐപിഎലിനെത്തിയത്. ആദ്യ സീസണില്‍ തന്നെ അസ്‌നോക്കര്‍ ആളിക്കത്തി. ഏഴുമത്സരങ്ങളില്‍ 127.08 സ്‌െ്രെടക്ക്‌റേറ്റോടെ 244 റണ്‍സ്. ഇന്ത്യയുടെ ഭാവി ഓപ്പണറായി സുനില്‍ ഗവാസ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അവരോധിച്ചു. പിന്നാലെ ഇന്ത്യ എ ടീമിലെത്തി. എന്നാല്‍ ഇതിനുശേഷം ഗ്രാഫ് താഴുന്നതാണ് കണ്ടത്. ഇപ്പോള്‍ ഐപിഎലിന്റെ പരിസരത്തുവരെ ഈ താരമില്ല. രഞ്ജി ട്രോഫിയിലും സയിദ് മുഷ്താഖ് അലി ട്രോഫിയിലുമൊക്കെയായി കരിയര്‍ ഒതുക്കപ്പെട്ടിരിക്കുന്നു.
പോള്‍ വാല്‍ത്താട്ടി
2011 ഐപിഎല്‍ സീസണിലാണ് പോള്‍ വാള്‍ത്താട്ടിയെന്ന ക്രിക്കറ്ററെക്കുറിച്ച് ആരാധകര്‍ കേള്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരേ 63 പന്തില്‍ സെഞ്ചുറിയടിച്ച് ഏവരെയും ഞെട്ടിച്ചു. 608 റണ്‍സോടെ ക്രിസ് ഗെയ്ല്‍ ടോപ് സ്‌കോററായ സീസണില്‍ 14 കളികളില്‍ 463 റണ്‍സ് നേടി വാള്‍ത്താട്ടി താരമായി. പിന്നീട് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും കൊത്തിയെടുത്തു. കളി മോശമായതോടെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. രഞ്ജി ട്രോഫിയില്‍ പോലും സാന്നിധ്യമുറപ്പിക്കാന്‍ മലയാളി വേരുകളുള്ള ഈ താരത്തിനാകുന്നില്ല.