44 റേഡിയേഷന്‍,25 കീമോ തെറാപ്പി ! ഇതിനിടയില്‍ മൂന്നു പെണ്‍മക്കളുടെ വിവാഹം നടത്തി; അതിജീവനത്തിന്റെ ആള്‍രൂപമായ മാലതി വനിതാദിനത്തില്‍ വേറിട്ട കാഴ്ചയാവുന്നു…

മലപ്പുറം: ജീവനെടുക്കാന്‍ പര്യാപ്തമായ അര്‍ബുദത്തെ മനോധൈര്യം കൊണ്ട് കീഴടക്കിയ ഒട്ടേറെ ആളുകളുണ്ട് നമ്മുടെ ഇടയില്‍. അത്തരം ആളുകളുടെ ജീവിതം ധാരാളം ആളുകള്‍ക്ക് പ്രചോദനവുമാകുന്നു. എന്നാല്‍, ശരീരത്തിന്റെ വലിയൊരുഭാഗം അര്‍ബുദം കാര്‍ന്നെടുത്തിട്ടും തളരാതെ, കൂലിപ്പണിയെടുത്തു ജീവിതം നയിക്കുന്ന കുറ്റിപ്പുറം ബംഗ്ലാംകുന്ന് വാരിയത്ത് മേല്‍പറമ്പ് മാലതി (47) ഈ വനിതാദിനത്തില്‍ വേദനകള്‍ക്കിടയിലെ വേറിട്ട കാഴ്ചയാണ്. മാരകരോഗത്തോടു മാത്രമല്ല, കൊടിയദാരിദ്ര്യത്തോടുമാണ് ഈ യുവതി പടവെട്ടുന്നത്. അതും ഒറ്റയ്ക്ക്.

എഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് മാലതിയുടെ ജീവിതത്തിലെ നിര്‍ണായക പോരാട്ടങ്ങള്‍ തുടങ്ങുന്നത്. അര്‍ബുദം ബാധിച്ച ശരീരത്തില്‍ ഇതിനകം 44 തവണ റേഡിയേഷന്‍ ചികിത്സയും 25 തവണ കീമോതെറാപ്പിയും നടത്തി. കീമോതെറാപ്പി കഴിഞ്ഞ് ആശുപത്രി വിട്ടാല്‍, ഒരാഴ്ചക്കുള്ളില്‍ മാലതി തൂപ്പുജോലിക്കിറങ്ങും. ഈ അവസ്ഥയില്‍ വിശ്രമമാണു വേണ്ടതെന്ന് മാലതിക്കറിയാം…പക്ഷെ വിശ്രമിച്ചാല്‍ വിശപ്പടക്കാനാവില്ലല്ലോ. ചികിത്സയ്ക്കുള്ള പണവും കണ്ടെത്തേണ്ടതുണ്ട്.

ആദ്യം കാലിലാണ് അര്‍ബുദം ബാധിച്ചത്. രോഗകോശങ്ങള്‍ പടര്‍ന്നതോടെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. എന്നിട്ടും രക്ഷയുണ്ടായില്ല. അര്‍ബുദം ഉദരത്തില്‍ വ്യാപിക്കുകയാണ്. പക്ഷേ, രോഗത്തിനു തൊടാനാകാത്ത ഒന്നുണ്ട്, മാലതിയുടെ മനസ്. രാവിലെ നൊട്ടനാലുക്ക ഭഗവതി ക്ഷേത്രം തൂത്തുവൃത്തിയാക്കിയാണു ദിവസത്തിന്റെ തുടക്കം. തുടര്‍ന്ന് കുറ്റിപ്പുറത്തെ രണ്ടു ഫിനാന്‍സ് കമ്പനികളിലേക്ക്. തൂപ്പുജോലിയില്‍നിന്നുള്ള തുച്ഛവരുമാനം ചികിത്സയ്ക്കു തികയില്ല. ഇക്കാര്യത്തില്‍ സന്മനസ്സുള്ള രണ്ടുപേരുടെ സഹായം ലഭിക്കുന്നുണ്ട്.

തൊഴിലിടങ്ങളില്‍ രോഗിയാണെന്നു വെളിപ്പെടുത്താറില്ല. ആരുടെയും മുന്നില്‍ കൈനീട്ടാതെ, അധ്വാനിച്ചു ജീവിക്കാനാണിഷ്ടം. രോഗിയാണെന്ന് അറിഞ്ഞതോടെ ബന്ധുക്കളില്‍ പലരും അകന്നു, ഭര്‍ത്താവിന്റെ മരണശേഷം മൂന്നു പെണ്‍മക്കളുടെ വിവാഹം നടത്തി. അവര്‍ വല്ലപ്പോഴും അമ്മയെ കാണാനെത്തും. ദുരിതങ്ങള്‍ നിറഞ്ഞ ഈ ജീവിതത്തില്‍ മാലതി ഒരു സാഹിത്യകാരികൂടിയാണ്. നൊട്ടനാലുക്കല്‍ ഭഗവതിയെ സ്തുതിച്ചെഴുതിയ പാട്ട് റെക്കോഡ് ചെയ്ത് പുറത്തിറങ്ങി. കഥയും കവിതയും വഴങ്ങും. തിരുമ്മല്‍ ചികിത്സയിലും മാലതിക്കു വൈദഗ്ധ്യമുണ്ട്. രോഗത്തിന്റെ കാഠിന്യം മൂലം ദേഹമാകെ നീരുവന്ന് വീര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ മാലതിക്ക് ഒരാഗ്രഹമേയുള്ളൂ. മരിക്കുന്നതിനു മുമ്പ് വീട് നന്നാക്കി അതില്‍ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണം എന്നതാണ് ആ ആഗ്രഹം. മാലതിയെപ്പോലെയുള്ളവര്‍ ഈ വനിതാദിനത്തില്‍ അനേകര്‍ക്ക് പ്രചോദനമാണ്.

Related posts