മരിച്ച യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയും കൊലക്കേസില്‍ ഭര്‍ത്താവിനെതിരേ കേസെടുക്കുകയും ചെയ്തു; കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചെന്നു കരുതിയ യുവതി കാമുകനൊപ്പം തിരിച്ചെത്തി…

 

നോയ്ഡ: മരിച്ചയാള്‍ മടങ്ങിയെത്തുക അതും കാമുകന്റെ കൂടെ. മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും നടത്തിയഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതാ കഥാനായിക കാമുകനൊപ്പം ജോളിയായി തിരിച്ചു വന്നിരിക്കുന്നു. നോയ്ഡയില്‍ നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി ഉറപ്പാക്കി മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം സംസ്‌ക്കരിച്ച രാജ്-സര്‍വേശ് സക്സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ തിരിച്ചു കിട്ടിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

നീതു തിരിച്ചെത്തിയതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് അറിയാനുള്ള അന്വേഷണത്തിലായി പോലീസ്. ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 18 ദിവസമായി മകളെ കാണ്മാനില്ലെന്ന് രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും നിറവും ശരീരവും തുടങ്ങി അടയാളമെല്ലാം മകളുടേതിന് സമാനമായതിനാല്‍ അത് തങ്ങളുടെ കാണാതായ മകളുടെ മൃതദേഹം ആണെന്ന് പറഞ്ഞ് ഇരുവരും ഏറ്റെടുക്കുകയൂം ചെയ്തു. ഭര്‍ത്തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കേസ് കൊടുത്ത ശേഷമായിരുന്നു അന്ത്യകര്‍മ്മം.

ഏപ്രില്‍ 6 ന് രാവിലെ കാണാതായെന്ന് കാണിച്ചായിരുന്നു സര്‍വേശ് പരാതി നല്‍കിയത്. നീതുവിന്റെ ഭര്‍ത്താവ് രാം ലഖനെയായിരുന്നു പിതാവിന് സംശയം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി നീതു രാംലഖനുമായി നീതു പിരിഞ്ഞും നില്‍ക്കുകയായിരുന്നു. പോലീസ് നീതുവിന്റെ ഭര്‍ത്തൃപിതാവ് രാം കിഷനെ കസ്റ്റഡിയില്‍ എടുത്തു. രാംലഖന്‍ മുങ്ങി. എന്നാല്‍ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇരുവര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് ബോധ്യപ്പെട്ടു.

നീതുവിനെ കാണാതായ ശേഷം തങ്ങളുടെ കടയില്‍ വരുന്നവരെ തിരിച്ചറിയാന്‍ പോലീസ് നീതുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ പതിവായി സിഗററ്റ് വാങ്ങാന്‍ വന്നിരുന്ന പൂരന്‍ എന്ന് പേരുള്ള ഒരാളെ ഏതാനും ദിവസമായി കാണാനില്ലെന്ന് കണ്ടെത്തി. മൂന്ന് ദിവസം കഴിഞ്ഞ് പൂരന്‍ വന്നപ്പോള്‍ നീതുവിന്റെ കുടുംബാംഗങ്ങള്‍ പിടികൂടി. പൂരനോട് ചോദിച്ചപ്പോള്‍ സംശയാസ്പദമായിരുന്നു മറുപടി. തുടര്‍ന്ന് പൂരന്‍ ബാഗുമായി മുങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയും ചെയ്തു.

ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പൂരനെ പോലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും എറ്റയില്‍ നിന്നും പിടിയിലായപ്പോഴാണ് നീതു ഇയാള്‍ക്കൊപ്പം കഴിയുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തനിക്കൊപ്പം എറ്റയില്‍ നീതു ഉണ്ടെന്ന് ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതിനിടയില്‍ നീതു ഭാംഗലിലേക്ക് പോകുകയും അവിടെ നിന്നും പിന്നീട് പോലീസ് പിടിച്ചു കൊണ്ടു പോരുകയും ചെയ്തു. ഏപ്രില്‍ 5 ന് മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയ അന്ന് നീതു വീടു വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

പതിവായി കടയില്‍ വന്നിരുന്ന പൂരനോടൊത്തു ജീവിക്കാന്‍ തീരുമാനിച്ച് വീട് വിടുകയുമായിരുന്നു. പൂരന്റെയോ മറ്റാരുടെയെങ്കിലുമോ പ്രേരണ കൊണ്ടല്ല താന്‍ വീടു വിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് നീതു പോലീസിന് നല്‍കിയിട്ടുള്ള മൊഴി. വീട്ടില്‍ നിന്നും ഇറങ്ങിയ നീതു നേരെ പോയത് സഹോദരിയെ വിവാഹം കഴിച്ചയച്ചിട്ടുള്ള വീട്ടിലേക്കായിരുന്നു എന്നാണ് നീതു പറയുന്നത്. എന്തായാലും ആളുമാറി മൃതദേഹം സംസ്‌കരിച്ചത് പോലീസിന് തലവേദനയായിരിക്കുകയാണ്.

 

 

 

Related posts