ചുവന്ന തെരുവുകളില്‍ പിറന്നു വീഴുന്ന പെണ്‍കുട്ടികളുടെ ജീവിതം എന്നും ദുരന്തമായാണ് പര്യവസാനിക്കുന്നത്്. അപൂര്‍വം ചിലര്‍ മാത്രമാണ് ആ നരകജീവിതത്തില്‍ നിന്നു രക്ഷപ്പെടുന്നത്. ഒരു ലൈംഗിക തൊഴിലാളിയുടെ മകളായി ചുവന്ന തെരുവില്‍ പിറന്നു വീണ അശ്വിനിയെന്ന 19കാരിയുടെ ജീവിതം ഒരു പ്രചോദനമാണ്. എത്ര മോശം സാഹചര്യത്തിലും അതിനെ അതിജീവിച്ച് സ്വപ്നങ്ങള്‍ കൈയെത്തിപ്പിടിക്കാമെന്നതിനുള്ള തെളിവാണത്. ലൈംഗിക തൊഴിലാളിയായ അമ്മയില്‍ നിന്നും അവള് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട അവളുടെ ജീവിതം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലാണ്. യൂണിവേഴ്സിറ്റിയില്‍ ആര്‍ട്ട് തെറാപ്പിയക്ക് സ്കോളര്‍ഷിപ്പോടെയാണ് അശ്വിനിയ്ക്ക് പ്രവേശനം കിട്ടിയിരിക്കുന്നത്. എന്നാല്‍ സ്കോളര്‍ഷിപ്പ് തുകയില്‍ അക്കോമഡേഷന്‍ ചെലവുകള്‍ ഉള്‍പ്പെടാത്തതിനാല്‍. അതിനുള്ള ഫണ്ട് ശേഖരണത്തിലാണ് അവള് സോഷ്യല്‍ മീഡിയയുടെ പിന്തുണയും അതിനായി അവള്‍ക്കുണ്ട്. തന്റെ ജീവിതം അശ്വിനി വിവരിക്കുന്നതിങ്ങനെയാണ്…
അഞ്ചാമത്തെ വയസ്സു മുതല്‍ ജീവിതത്തില്‍ ഓട്ടം തുടങ്ങിയതാണ് ഞാന്‍. ലൈംഗിക തൊഴിലാളിയായ അമ്മയില്‍ നിന്നും ഞാന്‍ ഓടി ഒളിച്ചു. എല്ലാത്തിനും അവര്‍ എന്നെ തല്ലുമായിരുന്നു. അമ്മയെക്കുറിച്ചുള്ള എന്റെ പഴയ ഓര്‍മകളിലൊന്ന് ഇതാണ്. ഞാന്‍ കൂട്ടുകാരുമായി ഒളിച്ചു കളിക്കുകയായിരുന്നു. എന്നാല്‍ അറിയാതെ ഒരു ബില്‍ഡിങ്ങിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകള്‍ ഞങ്ങള്‍ കളിക്കുന്നതിനിടെ വീണു. വാച്ച്മാന് ഞങ്ങളെ പൂട്ടിയിട്ടു. അമ്മമാരോട് പരാതി കൊടുക്കാന്‍ പോയി. പിന്നെ ഞാന്‍ കണ്ടത് വലിയ ചൂലുമായി അമ്മ എന്നെ തല്ലാന്‍ ഓടി വരുന്നതാണ്. ഞാന്‍ കരഞ്ഞുകൊണ്ട് ഓടി.
എട്ട് വയസായപ്പോള്‍ അമ്മ എന്നെ ഒരു എന്‍ജിഒയുടെ ഷെല്‍റ്റര്‍ ഹോമില്‍ അയച്ചു. ടീച്ചര്‍മാരുടെ മര്‍ദനം സഹിച്ച് ഞാന്‍ അവിടെ കുറച്ചുകാലം ജീവിച്ചു. അതൊരു ഹോസ്റ്റലായിരുന്നു. നിയമം അനുസരിച്ചില്ലെങ്കിലും കടുത്ത പീഡനമാണ്, പട്ടിണിക്കിടുകയും ചെയ്യും. ആ ഇടയ്ക്ക് അമ്മ മരിച്ചുപോയി. അങ്ങനെ ഹോസ്റ്റലിലെ പീഡനം ഞാന്‍ 10 വര്‍ഷം സഹിച്ചു. എനിക്ക് പോകാന്‍ വേറെ ഇടമില്ലായിരുന്നു. എന്റെ ചില കൂട്ടുകാര്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ക്രാന്തി എന്ന സംഘടനയിലേക്കായിരുന്നു അവര്‍ പോയത്. അവിടെ ഭേദപ്പെട്ട ജീവിതമായിരുന്നു. അങ്ങനെ ഞാനും അവരുടെ പാത പിന്തുടര്ന്ന് ക്രാന്തിയിലെത്തി. അവിടെ ഓരോ ആഴ്ച്ചയിലും തെറാപ്പി ഉണ്ടാകും. ആര്‍ട്ട് പഠിച്ചു. നൃത്തവും മറ്റ് തരത്തിലുള്ള തെറാപ്പികളും. ഇതെല്ലാം പഠിച്ച ശേഷം മറ്റ് കുട്ടികള്‍ക്ക് ഇത് പറഞ്ഞുകൊടുക്കാന്‍ തുടങ്ങി. കാന്‍സര്‍ രോഗികള്‍ക്കെല്ലാം ഞാന്‍ ആര്‍ട്ട് പദ്ധതികള്‍ പറഞ്ഞു കൊടുത്തു. അവരുടെ കഥകള്‍ കേട്ടു.
രണ്ട് വര്‍ഷത്തോളം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ബംഗാളില്‍ എത്തി നാടകം, ഫോട്ടോഗ്രഫി തുടങ്ങിയവ പഠിച്ചു. നിരവധി എന്‍ജിഒകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ആര്‍ട്ട് തെറാപ്പിസ്റ്റാകാന്‍ ആഗ്രഹം തോന്നിയത്.തുടര്‍ന്നാണ് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേക്ക് അപേക്ഷിച്ചത്. അവിടെ അഡ്മിഷന് കിട്ടുകുയും ചെയ്തു. അതും സ്കോളര്‍ഷിപ്പോടു കൂടി. ട്യൂഷന് ഫീസ് എല്ലാം അതില്‍ ഉള്‍പ്പെടും. ഇതൊരു സ്വപ്ന സാക്ഷാത്ക്കാരമാണ് എനിക്ക് ജീവിതത്തില്‍ ഇനിയും പലതും നേടാനുണ്ട്.