അഹമ്മദാബാദ്: ഗുജറാത്തില്‍ 2021ൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ജയേഷ് സര്‍വയ്യ(26) എന്ന യുവാവിനെയാണ് ഗുജറാത്തിലെ രാജ്കോട്ടിലുള്ള കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
പ്ലസ് വൺ വിദ്യാർഥിനിയായ കുട്ടിയെ ഇയാൾ മർദിക്കുകയും 34 പ്രാവശ്യം കുത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി. ആക്രമണത്തിനിടെ പ്രതിയെ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരനും പരിക്കേറ്റിരുന്നു.
നിർഭയ കേസിൽ സുപ്രീം കോടതി നൽകിയ നിർവചനം അനുസരിച്ച് അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് കോടതി വിലയിരുത്തിയതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജനക് പട്ടേൽ പറഞ്ഞു.
ജെറ്റ്പൂരിലെ ജെതൽസർ ഗ്രാമത്തിലെ താമസക്കാരായിരുന്നു പ്രതിയും പെൺകുട്ടിയും. പ്രതി പ്രണയാഭ്യർത്ഥനയുമായി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. 2021 മാർച്ച് 16 ന് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യർത്ഥന നടത്തി.
എന്നാൽ പെൺകുട്ടി നിരസിച്ചതിൽ പ്രകോപിതനായ പ്രതി, പെൺകുട്ടിയെ മർദിക്കുകയും നിരവധി തവണ കുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രകോപിതരായ പ്രദേശവാസികൾ ഇയാൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ദ് ആചരിക്കുകയും പ്രതിഷേധ മാർച്ചുകൾ നടത്തുകയും ചെയ്തിരുന്നു.