ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽനിന്നു സ്വർണമാല കവർന്നശേഷം പകരം മുക്കുപണ്ടം ഇട്ട സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ.
പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ (26)യാ ണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ജനുവരി 26ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സുധീഷും ഭാര്യയും അമ്മൂമ്മ പൊന്നമ്മയുടെ അയലത്താണ് താമസം. സുധീഷിന് രാത്രിയിൽ പണിയുണ്ടെന്നും പറഞ്ഞു ഭാര്യയെ അമ്മൂമ്മയുടെ വീട്ടിൽ ആക്കിയ ശേഷം വീടിനു വെളിയിൽ നിന്നു.
രാത്രിയിൽ അമ്മൂമ്മ ഉറങ്ങിയെന്ന് മനസിലാക്കിയ ഭാര്യ ഒരു മണിയായപ്പോൾ സുധീഷിന് കതക് തുറന്നുകൊടുത്തു. വീട്ടിലെ ഹാളിൽ തറയിൽ കിടന്നിരുന്ന അമ്മൂമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരി പകരം മുക്കുപണ്ടം ഇടുകയായിരുന്നു.
വീട്ടുകാരുടെ പരാതിയിൽ ഹരിപ്പാട് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെയാണ് കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് വ്യക്തമായത്.
ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് സുധീഷ്. ഹരിപ്പാട് എസ്എച്ച് ഒ ശ്യാംകുമാർ, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത്, എ എസ്ഐ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, എ. നിഷാദ്, ഇയാസ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിപ്പാട് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.