വി. ശ്രീകാന്ത്
സർക്കാർ ജനങ്ങളെ ബോധവത്കരിച്ച് നല്ലപിള്ളയാക്കാനായി കൊണ്ടുവന്ന പദ്ധതി അവർക്കുതന്നെ പൊല്ലാപ്പാകുകയാണ്. ഗതാഗതനിയമം ലംഘിക്കുന്നവർ എഐ കാമറയിൽ കുടുങ്ങുന്നത് വഴി ഖജനാവിലേക്ക് നല്ലൊരു ഒഴുക്ക് പ്രതീക്ഷിച്ചിട്ടിപ്പോൾ വിവാദങ്ങളിൽ തട്ടിത്തടഞ്ഞ് നിൽക്കുകയാണ് ആ പദ്ധതി.
ബോധവത്കരണം നടക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല… നടക്കുമോയെന്ന് ചോദിച്ചാൽ അറിയില്ലായെന്ന് പറയേണ്ട നിലയിലാണ് ഇപ്പോൾ സർക്കാർ. പ്രതിപക്ഷമാകട്ടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ തുറന്ന് കാട്ടി സർക്കാരിനെ വീർപ്പ് മുട്ടിക്കുകയാണ്.
രമേശ് ചെന്നിത്തല എംഎൽഎയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി ആരോപണങ്ങളാണ് ഓരോ ദിവസവും കുത്തിപ്പൊക്കി കൊണ്ടുവരുന്നത്.
സർക്കാർ കൺസട്ടന്റായി തെരഞ്ഞെടുത്ത കെൽട്രോണുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപിക്കുന്ന കാര്യങ്ങളിൽ കാര്യമില്ലാതില്ലെന്ന് പറയേണ്ടിവരും.
കരാറിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്പോൾ ജനങ്ങളുടെ നല്ലതിന് വേണ്ടിയാണ് എഐ കാമറ സ്ഥാപിച്ചതെന്ന മട്ടിലുള്ള മറുപടിയാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്.
ജനം കൺഫ്യൂഷനിലാണ്
പെറ്റി വീട്ടിൽ കിട്ടുന്പോൾ ജനം പഠിക്കുമെന്ന് കരുതിയ സർക്കാരിന് തെറ്റി. ബോധവത്കരിക്കാനുള്ള നോട്ടീസ് പോലും വാങ്ങിക്കാൻ കഴിയാതെ സർക്കാർ വട്ടം ചുറ്റുകയാണ്.
എന്നാൽ അങ്ങ് നന്നായേക്കാമെന്ന് കരുതിയിരുന്ന ജനങ്ങളാകട്ടെ ഇപ്പോൾ നന്നാകണോ വേണ്ടയോയെന്നുള്ള കൺഫ്യൂഷനിലാണ്. കുഞ്ഞ് കുട്ടികളെ പോലും വെറുതെ വിടാതെ സർക്കാർ കാട്ടിയ കാർക്കശ്യം ഭരണപക്ഷ എംഎൽഎയായ ഗണേഷ് കുമാറിന് പോലും പിടിച്ചില്ല, പിന്നല്ലേ ജനങ്ങൾക്ക്.
അദ്ദേഹം അതിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണുമെന്നും എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നും കെ. ബി. ഗണേഷ്കുമാർ പറഞ്ഞത്. ഏറെക്കുറെ ഇതുപോലൊക്കെ തന്നെയാണ് മാലോകരും ചിന്തിക്കുന്നത്.
സർക്കാർ വിയർക്കുന്നു
രമേശ് ചെന്നിത്തലയും വി.ഡി.സതീശനും രണ്ടുംകൽപ്പിച്ചാണ് സർക്കിനെതിരേ തിരിഞ്ഞിരിക്കുന്നത്. 151 കോടിയിൽ തീരേണ്ട പദ്ധതിയെ 232കോടിയിലേക്ക് കൊണ്ടെത്തിച്ച കെൽട്രോൺ അത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്പോൾ അത് സർക്കാരിനെ നേരെയുള്ള കുത്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഈ പദ്ധതി സംബന്ധിച്ച രേഖകള് സര്ക്കാരിന്റെ വെബ്സൈറ്റിലോ പൊതുജനമധ്യത്തിലോ ലഭ്യമല്ലായെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറയുന്പോൾ സർക്കാരിന് എന്തോ മറച്ചുവെയ്ക്കാനുണ്ടെന്നുള്ള കാര്യം ജനങ്ങളോട് വിളിച്ച് പറയുക കൂടിയാണ് ചെയ്യുന്നത്.
232 കോടിയുടെ പദ്ധതിയെ കുറിച്ചുള്ള രേഖകൾ ഇതുവരെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തയാറാകാത്ത സർക്കാർ പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടർന്ന് രേഖകൾ പ്രസിദ്ധീകരിക്കാമെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
ഒടുവിൽ എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ കാമറ കുരുക്കിൽ പെട്ട് നട്ടംതിരിയുകയാണ് സർക്കാർ.
ഇനിയെന്താകുമോ എന്തോ
വൈകി ഉദിച്ച വിവേകമാണെങ്കിൽ കൂടി ബോധവത്കരണം നടത്തിയിട്ട് പിഴ ചുമത്താമെന്നുള്ള സർക്കാരിന്റെ തീരുമാനത്തെ ഏവരും സ്വീകരിച്ചതാണ്. പക്ഷേ ഇതുവരെ ഈ പറഞ്ഞ ബോധവത്കരണം നടന്നിട്ടില്ല.
ബോധവത്കരണം നടക്കാത്തത് കൊണ്ട് ഈ പദ്ധതി ഉപേക്ഷിക്കുമോയെന്നുളള ചോദ്യം പലയിടങ്ങളിലായി അലയടിക്കുന്നുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ മൊത്തത്തിൽ പെട്ടിരിക്കുന്ന അവസ്ഥയാണ്.
ഇനി പദ്ധതിയെ കുറിച്ച് പ്രതിപക്ഷത്തിന് കൃത്യമായ രേഖകൾ നൽകുമോയില്ലയോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. അഴിമതിയിൽ മുങ്ങിയ പദ്ധതിയെന്ന് പ്രതിപക്ഷം ആരോപിക്കുന്പോൾ അത് അങ്ങനെയല്ലാ തങ്ങൾ പറഞ്ഞതാണ് ശരിയെന്ന് സമർഥിക്കേണ്ട ധാർമികത ഭരണപക്ഷത്തിനുണ്ട്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി അതിനുള്ള മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം.