കോഴിക്കോട്: താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കർണാടകയിലേക്കുകൂടി വ്യാപിപ്പിച്ചു.
അക്രമിസംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കാസർഗോഡ് നിന്നാണ് ഇന്നലെ കണ്ടെത്തിയത്. അതിനും ഒരു ദിവസം മുന്‍പ് ഷാഫിയുടെ ഫോണ്‍ കരിപ്പൂരിന് സമീപത്തുവച്ചും കണ്ടെത്തി.
ഇതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വയനാട്ടിലേക്കായിരുന്നു ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലായിരുന്നു പോലീസ്.
അതേസമയം അന്വേഷണം കര്‍ണാകട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിലേക്കുകൂടി വ്യാപിപ്പിപ്പിരിക്കുകയാണ് പോലീസ്.
കസ്റ്റഡിയിലെടുത്തവരില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
കാസർഗോഡ് ചെർക്കളയിലെ ഷോറൂമിൽനിന്നാണ് അന്വേഷണസംഘം കാർ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കാർ വാടകയ്ക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം സംഭവം നടന്ന ഒരാഴ്ചയാകാറായിട്ടും തട്ടിക്കൊണ്ടുപോകപ്പെട്ട വ്യവസായി ഷാഫിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
നിരവധിപേരെ ചോദ്യം ചെയ്തുവെങ്കിലും നിര്ണായകസൂചനകളൊന്നും ലഭിച്ചിട്ടില്ല. വെളളിയാഴ്ചയാണ് കാറിലെത്തിയ നാലംഗ സംഘം ഷാഫിയെയും ഭാര്യ സനിയയെയും വീട്ടില്‍നിന്നു പിടിച്ചിറക്കിക്കൊണ്ടുപോയത്. പിന്നീട് സനിയയെ പാതിവഴിയില്‍ ഇറക്കി വിടുകയായിരുന്നു.