പയ്യന്നൂര്‍: അമ്മയെ മര്‍ദിക്കുകയും മർദനം തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറായ പിതാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍.
കാസറഗോഡ് കുഡ്ലു സ്വദേശിയും കരിവെള്ളൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട് താമസിക്കുന്ന പി.കെ. രാജേഷിനെ (46)യാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ തന്നെ മര്‍ദിക്കുകയും ഇതുകണ്ട് തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെയും മര്‍ദിച്ചതായി ചൂണ്ടിക്കാട്ടി ഭാര്യ നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
പരാതി നല്‍കിയശേഷം കുട്ടികളെയും കൂട്ടി യുവതി ബന്ധുവീട്ടിലേക്ക് പോയിരുന്നു.തുടര്‍ നടപടിയുടെ ഭാഗമായി പോലീസ് ഇയാളെ അന്വേഷിച്ചു വരുന്നതിനിടെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഭാര്യ: കെ.വി.സീന(കരിവെള്ളൂര്‍ തെരു). മക്കള്‍: അനുശ്രീ, അഭിനയ.