തിരുവനന്തപുരം: തൈക്കാട് ഗവണ്മെന്റ് ആശുപത്രിയിൽ വച്ച് നവജാത ശിശുവിനെ വിൽപ്പന നടത്തിയ കേസിൽ തന്പാനൂർ പോലീസ് കേസെടുത്തു.
കോടതിയുടെ നിർദേശാനുസരണം ബാലനീതി വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ കരമന സ്വദേശിനിയെ കേസിൽ പ്രതി ചേർത്തു.
കുഞ്ഞിനെ വിൽപ്പന നടത്തിയ സ്ത്രീയെ കണ്ടെ ത്തി ഉടൻ തന്നെ അവരെയും കേസിൽ പ്രതിയാക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവം പുറത്തറിഞ്ഞത്.
കുട്ടികളില്ലാത്ത വീട്ടിൽ നിന്നും നവജാതശിശുവിന്റെ കരച്ചിൽ കേട്ട പ്രദേശവാസികൾ ചൈൾഡ് ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ചൈൾഡ് ലൈൻ അധികൃതരും പോലീസും സ്ഥലത്തെത്തി വീട്ടമ്മയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വാങ്ങിയ വിവരം വെളിപ്പെടുത്തിയത്.
മൂന്ന് ലക്ഷം രൂപ കൊടുത്താണ് നാല് ദിവസം പ്രായമായ കുഞ്ഞിനെ വാങ്ങിയതെന്നായിരുന്നു വീട്ടമ്മ വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ കണ്ടെ ത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.