കൊച്ചി: പള്ളുരുത്തി മധുര കന്പനിക്കു സമീപം നിർത്തിയിട്ടിരുന്ന കാറിൽനിന്ന് അരക്കോടി രൂപ വിലവരുന്ന 175 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അന്പലമേട് കഞ്ചാവ് കേസിലെ പ്രതി അക്ഷയ് രാജിനെ പോലീസ് ജയിലിൽ ചോദ്യം ചെയ്യും.
കാർ വാടകയ്ക്ക് എടുത്ത തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി അക്ഷയ് രാജിനെയാണ് വരും ദിവസം ചോദ്യം ചെയ്യുന്നത്. ഇതിനായി ഉടൻ അപേക്ഷ നൽകുമെന്ന് അന്വേഷണോദ്യോഗസ്ഥനായ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ കെ.ആർ. മനോജ് പറഞ്ഞു.
സംഭവത്തിൽ ഒന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അന്പലമേട് നിന്ന് 15 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ അക്ഷയ് ഉൾപ്പെടെ ഏഴു പേർ റിമാൻഡിലാണ്. ഇതിൽ രണ്ട് യുവതികളും ഉൾപ്പെടും.
പള്ളുരുത്തി മധുര കന്പനിക്ക് സമീപം റോഡരികിൽ വ്യാഴാഴ്ച രാത്രി മുതൽ മൂടിയിട്ട നിലയിൽ കിടക്കുകയായിരുന്ന കാറിൽ നിന്ന് വെള്ളിയാഴ്ചയാണ് കഞ്ചാവ് കണ്ടെടുത്തത്.
എറണാകുളത്തെ സ്വകാര്യ ഗ്രൂപ്പിന്റേതാണ് കാർ. കാർ വാടകയ്ക്ക് കൊടുത്ത കന്പനി അധികൃതരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. അക്ഷയ് റിമാൻഡിലായ സാഹചര്യത്തിൽ വാഹനം പള്ളുരുത്തിയിൽ എത്തിച്ചത് ആരാണെന്നതിനെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.
കഞ്ചാവുമായി പിടിച്ചെടുത്ത കാർ കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചരിച്ച സ്ഥലങ്ങൾ ജിപിഎസ് സഹായത്തോടെ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.