കൊച്ചി: ഐടി വകുപ്പ് അഴിമതിയുടെ അക്ഷയഖനിയായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഐടി സെക്രട്ടറിയായി എം. ശിവശങ്കര്‍ വന്ന ശേഷം അഴിമതിയുടെ കേന്ദ്രമായി ഡിജിറ്റല്‍ വകുപ്പിനെ മാറ്റി.
ഐടി, വ്യവസായ വകുപ്പുകളില്‍ 2018നു ശേഷം നടന്ന എല്ലാ ഇടപാടുകളിലും സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്ത് അഴിമതി നടത്താനും വൈഭവമുള്ള സര്‍ക്കാരാണിതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കാനോ പ്രതിരോധിക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
അഴിമതികള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. കടലാസ് കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
കെ ഫോണ്‍ കരാറിലും പ്രസാഡിയോ കമ്പനിക്കാണ് ഉപകരാര്‍ കിട്ടിയത്. പ്രസാഡിയോ മുഖ്യമന്ത്രിയുമായി ബന്ധമുള്ള കമ്പനിയാണെന്ന് വ്യക്തമായിട്ടും പിണറായി മൗനം തുടരുന്നത് കുറ്റസമ്മതമായാണ് കാണുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.