വമ്പന് മുതല്മുടക്കിലും പബ്ലിസിറ്റിയിലും എത്തുന്ന ചിത്രങ്ങള് പലപ്പോഴും പരാജയപ്പെടുന്ന കാഴ്ച നമ്മള് കാണാറുണ്ട്.
എന്നാല് ഇതൊന്നുമില്ലാതെ ഇടയ്ക്കിടെ വന്ന് വന് വിജയം നേടുന്ന ചിത്രങ്ങളും ഇന്ത്യന് സിനിമയുടെ പ്രത്യേകതയാണ്.
അത്തരമൊരു സിനിമയാണ് ഇപ്പോള് ബോളിവുഡില് അത്ഭുതം സൃഷ്ടിക്കുന്നത്. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില് എത്തിയിരിക്കുന്ന ദി കശ്മീര് ഫയല്സ് ആണ് ആ അദ്ഭുത ചിത്രം.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമയുടെ വിജയം ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളെ അക്ഷരാര്ത്ഥത്തില് ഞെട്ടിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച തിയറ്ററുകളില് എത്തിയ ചിത്രത്തിന് ആദ്യ ദിനം 650 സ്ക്രീനുകള് മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല് റിലീസ് ദിനത്തില് തന്നെ സിനിമയ്ക്ക് ലഭിച്ച കളക്ഷന് ആദ്യം സിനിമ നിഷേധിച്ച തിയറ്റര് ഉടമകളില് ബോധോദയം ഉണ്ടാക്കി. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില് ചിത്രം നേടിയത്.
രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്റെ ഇരട്ടിയില് ഏറെ ,അതായത് 10.10 കോടിയും ചിത്രം നേടി. ബോളിവുഡില് 2020നു ശേഷം ഒരു ചിത്രം രണ്ടാംദിനത്തില് നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ് ആദര്ശ് ചൂണ്ടിക്കാട്ടി.
ശനിയാഴ്ചത്തെ കളക്ഷന് വര്ധിച്ചതിനൊപ്പം നിരവധി തിയറ്റര് ഉടമകളാണ് ചിത്രം ആവശ്യപ്പെട്ട് വിതരണക്കാരെ സമീപിച്ചത്. തല്ഫലമായി 650 സ്ക്രീനുകളില് റിലീസ് ചെയ്യപ്പെട്ട ചിത്രം മൂന്നാം ദിനമായ ഇന്ന് 2000 സ്ക്രീനുകളിലാണ് പ്രദര്ശിപ്പിച്ചത്.
ആദ്യ രണ്ട് ദിനങ്ങളില് നിന്നായി ആകെ 14.35 കോടി നേടിയ ചിത്രത്തിന്റെ ഞായറാഴ്ച കളക്ഷന് എത്രയാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്ക്കിടയിലെ ചര്ച്ചാ വിഷയം.
യഥാര്ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില് മിഥുന് ചക്രവര്ത്തി, അനുപം ഖേര്, ദര്ശന് കുമാര്, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്, പുനീത് ഇസ്സര്, പ്രകാശ് ബേലവാടി, അതുല് ശ്രീവാസ്തവ, മൃണാല് കുല്ക്കര്ണി എന്നിവരാണ് പ്രധാന വേഷങ്ങളില് അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിലെ അനുപം ഖേര് അവതരിപ്പിച്ചതുള്പ്പടെയുള്ള കഥാപാത്രങ്ങള്ക്ക് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്..
തൊട്ടാല് പൊള്ളുന്ന വിഷയമായതിനാല് തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകരെത്തിയിരുന്നു.
കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളില് നിന്നുമാണ് സംവിധായകന് വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്ഘ്യം.
കേരളത്തിലെ തീയറ്റര് ഉടമകള്ക്ക് പല പല കാരണങ്ങള് കൊണ്ട് ചിത്രത്തില് ഇതുവരെ വലിയ താല്പര്യം വന്നിട്ടില്ല.
തുടക്കത്തില് കൊച്ചി ലുലുവിലെ പിവിആറില് രണ്ടു ഷോയും കോഴിക്കോട് ക്രൗണ് തീയറ്ററില് ഒരു ഷോയും മാത്രമാണുണ്ടായിരുന്നത്.
പിന്നീട് ഇതിനെതിരേ സമൂഹ മാധ്യമങ്ങളില് ശക്തമായ പ്രതികരണം ഉണ്ടായതോടെ തിരുവനന്തപുരം ഏരീസ് പ്ലക്സ് സിനിമാസിലും തൃശ്ശൂര് ശോഭാ മാളിലെ ഇനോക്സ് തീയറ്ററിലും ചിത്രം ഇപ്പോള് പ്രദര്ശനത്തിനെത്തിയിട്ടുണ്ട്.
കാശ്മീരി പണ്ഡിറ്റുകളുടെ നേരെ ഇസ്ലാമിക തീവ്രവാദികള് നടത്തിയ ക്രൂരതയുടെ നേര്ക്കാഴ്ചയാണ് ‘ദി കാശ്മീര് ഫയല്സ്’.
ഭയം കൊണ്ടും വര്ഗീയ രാഷ്ട്രീയ താല്പ്പര്യങ്ങള് കൊണ്ടും വര്ഷങ്ങളായി പറയാന് മടിച്ചിട്ടുള്ള, സൗകര്യപൂര്വം മറച്ചു പിടിക്കുന്ന, പൊള്ളുന്ന സംഭവങ്ങള് അതേ തീവ്രതയില് സിനിമയില് ദൃശ്യാവിഷ്കരിച്ചിരിക്കുന്നു.
അതിനാല് തന്നെ കേരളത്തില് ഈ സിനിമക്ക് എതിരെ ഡിഗ്രേഡിംഗ് ഉണ്ടായി. തിയറ്ററുകള് കിട്ടാത്ത സാഹചര്യം ഉണ്ടായതങ്ങനെയാണ്. നിരവധി ആളുകള് സോഷ്യല് മീഡിയയിലൂടെയും സിനിമയ്ക്കെതിരേ ആക്രമണം നടത്തുന്നുണ്ട്.