കേരളത്തിലും തമിഴ്നാട്ടിലും വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും റെക്കോഡ് കളക്ഷനുമായി കേരള സ്റ്റോറി.
മെയ് 5, വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഈ വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ ആയിരിക്കുകയാണ്. 16.50 കോടി രൂപയാണ് ചിത്രം ഞായറാഴ്ച മാത്രം ബോക്സോഫീസില്‍ നിന്നും നേടിയത്.
മൂന്ന് ദിവസം കൊണ്ട് 35.75 കോടി രൂപയാണ് സുദീപ്തോ സെന്നിന്റെ ദ കേരള സ്റ്റോറി ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത്.
ഓപ്പണിംഗ് ദിവസം 8.03 കോടിയായിരുന്നു ചിത്രം നേടിയത്. മെയ് 7, ഞായറാഴ്ച 52.92 ശതമാനം ഒക്യുപെന്‍സി ആണ് സിനിമയ്ക്കായി തിയേറ്ററുകളില്‍ രേഖപ്പെടുത്തിയത്.
കേരളത്തില്‍ വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കുന്നുള്ളു. ഈ തിയേറ്ററുകള്‍ക്ക് മുന്നില്‍ കടുത്ത പ്രതിഷേധവും നടക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ ക്രമസമാധാന നില തര്‍ക്കുമെന്ന റിപ്പോര്‍ട്ട് എത്തിയതോടെ ചിത്രം ബാന്‍ ചെയ്തു. എന്നിട്ടും ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയത്.
ആദാ ശര്‍മയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും എത്തിയത് മുതല്‍ വിവാദങ്ങള്‍ ആരംഭിച്ചിരുന്നു.
32000 ത്തോളം പേര് കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്ന് ട്രെയിലറിന്റെ ഡിസ്ക്രിപ്ഷനില്‍ പറഞ്ഞിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഈ കണക്ക് പിന്നീട് മൂന്ന് എന്നാക്കി തിരുത്തിയിരുന്നു.
ചിത്രത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ആരോപിച്ച്, ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍, പ്രതിപക്ഷ, മുസ്ലീം ലീഗ് സംഘടനകള്‍ അടക്കം രംഗത്തെത്തിയിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ ചിത്രം നികുതിരഹിതമാക്കിയിരുന്നു.