‘ധനുഷ് ഞങ്ങളുടെ മകന്‍’ കേസ് ക്ലൈമാക്‌സിലേക്ക്; അടയാള പരിശോധന കഴിഞ്ഞു; ഇനി ഡിഎന്‍എ ടെസ്റ്റ്

DHANUSH600ധനുഷിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം ക്ലൈമാക്‌സിലേക്ക്. കീഴ്‌ക്കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഈ മാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. മധുര ജില്ലയിലെ മേലൂരിനടുത്ത് മാലംപട്ടയിലുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും ചെറുപ്പത്തില്‍ നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്. ധനുഷ് മകനാണെന്നു തെളിയിക്കുന്ന രേഖകളുണ്ടെന്നും അതുമല്ലെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനൊരുക്കമാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

തിരിച്ചറിയല്‍ അടയാളങ്ങളുടെ പരിശോധനയ്ക്കായി ധനുഷ് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുമ്പില്‍ ഹാജരായിരുന്നു. മധുര മെഡിക്കല്‍ കോളജ് ആശുപത്രി ഡീന്‍ ഉള്‍പ്പെടെ രണ്ടു ഡോക്ടര്‍മാരാണു അടയാള പരിശോധന നടത്തിയത്. ഇതിനിടെ കീഴ്‌ക്കോടതിയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്  ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജി അനുവദിച്ച കോടതി, ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ കേസിലെ നടപടികള്‍ സ്‌റ്റേ ചെയ്യുകയാണെന്നറിച്ചു.

2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. പണമാണ് ഇവരുടെ ഉദ്ദേശ്യമെന്നു പറഞ്ഞാണ് ധനുഷ്  മദ്രാസ് ഹൈക്കോടതി  ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതോടെ ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്. ധനുഷ് 1985 നവംബര്‍ ഏഴിനാണ് ജനിച്ചതെന്നും യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നുമാണ് ദമ്പതികള്‍ അവകാശപ്പെടുന്നത്. കൂടാതെ തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും അധ്യാപകരും തെളിവുമായി തങ്ങളെ സഹായിക്കാന്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും കേസില്‍ ഇനിയെന്തു സംഭവിക്കുമെന്നറിയാന്‍ ഈ മാസം ഒമ്പതു വരെ കാത്തിരിക്കണം.

Related posts