മലയാളികളെ ഏറ്റവുമധികം കരയിച്ച സിനിമയെതെന്നു ചോദിച്ചാല്‍ അതിനുത്തരമാണ് സിബിമലയില്‍ സംവിധാനം ചെയ്ത് മുരളിയും മാധവിയും പ്രധാനവേഷത്തിലെത്തിയ ആകാശദൂത്.
മാതാപിതാക്കളുടെ വിയോഗത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആകാശദൂത് സിനിമ ഇറങ്ങിയിരുന്ന സമയത്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്ന ബാലതാരങ്ങളുടെ ഇപ്പോഴത്തെ രൂപവും വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്പര്യമാണ്.
മൂന്ന് സഹോദരങ്ങളും അവരെ ദത്തെടുത്തവരോടൊപ്പം പോകുമ്പോള്‍ ഒറ്റപെട്ടു പോയ റോണിയുടെ മുഖം സിനിമ കണ്ട ആര്‍ക്കും മറക്കാനാകില്ല. നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ പോളിയോ ബാധിച്ച കുട്ടിയെ ഏറ്റെടുക്കാനായി ആരും മുന്നോട്ട് വന്നിരുന്നില്ല.
പ്രേക്ഷക മനസ്സില്‍ ഏറെ നൊമ്പരമായി നിന്നിരുന്നതും ഈ കുരുന്നായിരുന്നു. ബാലതാരമായി സിനിമയിലെത്തിലെത്തിയ മാര്‍ട്ടിനാണ് റോണിയെ അവതരിപ്പിച്ചത്. ആകാശദൂതിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും മാര്ട്ടിന് വേഷമിട്ടിരുന്നു.
പിന്നീട് സിനിമയില്‍ നിന്നും മാര്ട്ടിന് അപ്രത്യക്ഷനാകുകയായിരുന്നു. മൂന്നാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കവെയാണ് മാര്ട്ടിന് ആകാശദൂതില്‍ അഭിനയിച്ചത്. ഇപ്പോളിതാ താരം തന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
മാര്ട്ടിന് പറയുന്നതിങ്ങനെ…അന്ന് ചെറുപ്പമായിരുന്നത് കൊണ്ട് സിനിമയെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ വലിയ പേടി തോന്നിയില്ല. അന്ന് ഷൂട്ടിംഗ് സെറ്റിലെ എല്ലാവരുമായി നല്ല കൂട്ടായിരുന്നു ഞാന്‍.
മുരളിയും മാധവിയുമൊക്കെ വളരെ സ്നേഹമായിട്ടാണ് പെരുമാറിയിട്ടുള്ളത്. എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണമൊക്കെ കഴിച്ചത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ മദ്രാസിലെ ലയോള കോളേജില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു.
പിന്നെ ഗള്‍ഫിലേക്ക് പോയി. വര്‍ഷങ്ങളോളമായി ഖത്തറിലെ ദോഹയിലാണ്. സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ഇപ്പോഴുമുണ്ട്. നല്ലൊരു കഥാപാത്രം കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും. നായകന് തന്നെ വേണമെന്നില്ല. എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയാല്‍ ആ വേഷം ചെയ്യും.
വില്ലനോ, സഹനടനോ നായകനോ എന്താണെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യാന്‍ ഇഷ്ടമാണ്. സിനിമ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല, സീരിയലില്‍ അഭിനയിക്കാനും താല്പര്യമുണ്ടെന്ന് മാര്ട്ടിന് പറയുന്നു. ഭാര്യയുടെ പേര് ഷാലെറ്റ് എന്നാണ്.
ഒരു മോഡല്‍ കൂടിയാണ് ഭാര്യയെന്ന് മാര്ട്ടിന് പറയുന്നു. 2015ലായിരുന്നു വിവാഹം. ഷാലെറ്റ് ഖത്തറില്‍ ജോലി ചെയ്ത് വരികയാണ്.