കലാപകലുഷിതമായ ഇറാഖില്‍ അകപ്പെട്ടു പോയ മലയാളി നഴ്‌സുമാരുടെ ജീവിതം പറഞ്ഞ ടേക്ക് ഓഫ് ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയ സിനിമയാണ്. ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മേക്കപ്പ്, പശ്ചാത്തലസംഗീതം, കലാസംവിധാനം, മികച്ച നടി എന്നിങ്ങനെ വീണ്ടും അംഗീകാരങ്ങള്‍വാരിക്കൂട്ടുമ്പോള്‍ സിനിമയ്ക്ക് പ്രചോദനമായ യഥാര്‍ത്ഥ സംഭവത്തിലെ യഥാര്‍ത്ഥ നായിക ആരോരും അറിയാതെ കഷ്ടത അനുഭവിച്ചു കഴിയുകയാണ്.
കോട്ടയം സ്വദേശി മറീനയും 45 മലയാളി നഴ്സുമാരും നേരിട്ട പ്രശ്നവും അവര്‍ പ്രതിസന്ധിയെ അതിജീവിച്ച് കേരളത്തില്‍ എത്തിയതുമായിരുന്നു ടേക് ഓഫിലൂടെ സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച ഇറാഖില്‍ നിന്നും നാട്ടിലെത്തി വീട്ടിലിരിക്കുന്ന മെറീന മൂന്ന് വര്‍ഷമായി പള്ളിക്കത്തോട്ടുള്ള ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്.
സിനിമയുടെ അവസാന രംഗത്ത് മെറീനയ്ക്കും കുടുംബത്തിനുമൊപ്പം നായിക പാര്‍വ്വതി നില്‍ക്കുന്ന ചിത്രവും കാണിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി വലിയ സഹായമാണ് മെറീന ചെയ്തു കൊടുത്തത്. ഇറാഖ് ആശുപത്രിയില്‍ വെച്ച് താന്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളെല്ലാം മെറീന സംവിധായകന് നല്‍കിയതിന് പുറമേ പാര്‍വതിക്ക് വേണ്ടി നിര്‍ദേശങ്ങള്‍ ഷൂട്ടിംഗ് സമയത്ത് നല്‍കാനുമെത്തി.
സിനിമയുടെ പ്രമോഷനു വേണ്ടി ചാനലിലും മറ്റും സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം പോകുകയും ചെയ്തു. ഇറാഖില്‍ നിന്നും ജോലി കളഞ്ഞ് രക്ഷപ്പെട്ട നഴ്‌സുമാരെ സഹായിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ചില വ്യവസായികളും ജോലിയടക്കമുള്ള വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോയതല്ലാതെ ആര്‍ക്കും ഒന്നും കിട്ടിയില്ലെന്നു മാത്രം.
നാട്ടിലെത്തിയ മറീനയും മറ്റുള്ളവരും 23 ദിവസമാണ് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പിടിയില്‍ കഴിഞ്ഞത്. ആഭ്യന്തര യുദ്ധം നടന്ന സമയത്ത് തീക്രിത്തിലെ ആശുപത്രിയിലായിരുന്നു ഇവര്‍.
ഗ്രൂപ്പിലെ സീനിയര്‍ നഴ്സായിരുന്നു മറീന. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എസ്ഒഎസ് സന്ദേശം അയച്ചതും ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ എ അജയ്കുമാറുമായി സ്ഥിരമായി ആശയവിനിമയം നടത്തിയതും ഇവരായിരുന്നു. ്ഇറാഖ് യുദ്ധഭൂമിയായി മാറിയതിന്റെ ഞെട്ടുന്ന ഓര്‍മ്മകളാണ് മറീന കേരളത്തില്‍ എത്തിയ കാലത്ത് ദേശീയ മാധ്യമങ്ങളില്‍ ചിലതുമായി പങ്കുവെച്ചത്.
2014 ജൂണ്‍ 13 മുതലായിരുന്നു എല്ലാം തുടങ്ങിയത്. എല്ലായിടത്തും ബോംബ് വര്‍ഷിക്കുന്ന ശബ്ദം മാത്രമേയുണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി രണ്ടു മണിക്കൂറോളം വെടിശബ്ദം കേള്‍ക്കുമായിരുന്നു. വീട്ടിലേക്ക് വിളിച്ച് മറീന പിതാവിനോട് പറയുകയും വിവരം ഉമ്മന്‍ചാണ്ടിയെ അറിയിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു.
ഈ സമയത്ത ആശുപത്രിയില്‍ രോഗികളും സ്റ്റാഫുകളുമെല്ലാം ഒരുമിച്ചായിരുന്നു. ഇന്റര്‍നെറ്റ് പോലും ഇല്ലാതിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും വ്യക്തമല്ലായിരുന്നു.
രണ്ടാം നിലയില്‍ എല്ലാവര്‍ക്കും താമസിക്കേണ്ടി വന്നു. താഴത്തെ നില പൂര്‍ണ്ണമായും തീവ്രവാദികള്‍ കയ്യടക്കുകയും താഴത്തെ നിലയിലെ രോഗികളെ പരിശോധിക്കാന്‍ വിളിച്ചുകൊണ്ടുപോകുകയും ചെയ്തു. ഏകദേശം 10 ദിവസം കൊണ്ട് നഴ്സുമാര്‍ ഒഴികെ എല്ലാവരേയും ഒഴിപ്പിച്ചു.
ഇങ്ങിനെ 22 ദിവസമായിരുന്നു കഴിയേണ്ടി വന്നത്. ഇതിനിടയില്‍ ഇന്ത്യന്‍ അംബാസഡര്‍ അജയ് കുമാറുമായി ബന്ധപ്പെടാന്‍ കഴിയുകയും ഇറാഖി സൈന്യം അവിടെ ഉള്ളതിനാല്‍ ആശുപത്രി ബോംബ് വെച്ച് തകര്‍ക്കില്ലെന്ന് പറയുകയും ചെയ്തു.
പിന്നീട് എംബസി വഴി റെഡ്ക്രോസും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഇരുപതാം ദിവസം തീവ്രവാദികള്‍ ഇവിടം വിടുകയാണെന്ന് പറഞ്ഞു. അംബാസഡറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ആശുപത്രി വിടരുതെന്ന് പറഞ്ഞു. തുടര്‍ന്ന് തീവ്രവാദികളോട് അല്‍പ്പ സമയം കൂടി ചോദിച്ചുമേടിച്ചു. കടുത്ത ചൂടില്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യത്തില്‍ പലരും വാടിപ്പോയി. ഇതിനിടയില്‍ എല്ലാ രക്ഷാപ്രവര്‍ത്തകരെ വിളിച്ചെങ്കിലും അവരെങ്ങും അടുത്തെത്തിയില്ല.
പിറ്റേന്ന് തീവ്രവാദികള്‍ വന്നപ്പോള്‍ വീണ്ടും സമയം മചാദിച്ചു. ഇതിനിടയില്‍ ആശുപത്രിക്ക് സമീപത്ത് കണ്ടെത്തിയ രണ്ടു ചുവപ്പ് ബസുകള്‍ കണ്ടെത്തി. അത് റെഡ് ക്രോസിന്റെ ബസ് ആണെന്ന് വിചാരിച്ച് അംബാസഡറെ വിളിക്കുകയും അവര്‍ ഇറാഖി സൈന്യത്തെ വിളിച്ചപ്പോള്‍ അങ്ങിനെ ഒരു ബസ് അയച്ചിട്ടില്ലെന്ന് പറയുകയുമായിരുന്നു.
പിറ്റേന്ന് തീവ്രവാദികള്‍ എത്തി വേഗം ആശുപത്രി വിടാന്‍ ആവശ്യപ്പെട്ടു. വ്യോമാക്രമണം ഉണ്ടാകുമെന്നാണ് അവര്‍ ഭയന്നത്. അവിടെ കഴിഞ്ഞാല്‍ മരിച്ചു പോകുമെന്നും തീവ്രവാദികള്‍ക്കൊപ്പം പോയാല്‍ അവര്‍ എവിടേയ്ക്കാണ് കൊണ്ടുപോകുകയെന്ന് യാതൊരു ഊഹവുമില്ലെന്നും ചിലപ്പോള്‍ കൊല്ലുമോയെന്ന് പോലും ഭയന്നു പോയ നിമിഷം. ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം തീവ്രവാദികള്‍ക്കൊപ്പം പോകാന്‍ തയ്യാറായി. എല്ലാവരും ആശുപത്രി വിട്ടു.
എല്ലാവരേയും ഒരു ബസില്‍ കൊണ്ടുപോകണമെന്നും വേര്‍പെടുത്തരുതെന്നും മെറീന ആവശ്യപ്പെട്ടു.സര്‍ട്ടിഫിക്കറ്റുകളും രേഖകളും അടങ്ങിയ ബാഗുകള്‍ കൂടി എടുക്കേണ്ടതിനാല്‍ സമയമെടുത്തു. തീവ്രവാദികള്‍ അക്ഷമരായി. അവര്‍ ജനാലയില്‍ വെടിവെയ്ക്കാന്‍ തുടങ്ങിയതോടെ എല്ലാവരും സമയം കളയാതെ ബസിലേക്ക് ഓടിക്കയറി.
ഇബ്രില്‍ വിമാനത്താവളത്തിലേക്ക് കൊണ്ടു പോകാനാണ് നഴ്സുമാര്‍ ആവശ്യപ്പെട്ടതെങ്കിലും ആദ്യം സമ്മതിച്ച തീവ്രവാദികള്‍ പിന്നീട് ഏറ്റവും അടുത്ത വിമാനത്താവളമായ ഇബ്രിലിന് പകരം അവിടെ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള മൊസൂളിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. ഇതിനിടയിലും എംബസിയും നോര്‍ക്കയുമായും ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഇതിനിടയില്‍ ഫോണ്‍ തീവ്രവാദികള്‍ പിടിച്ചുവാങ്ങി. ഫോണില്‍ മെസേജുകള്‍ മലയാളത്തില്‍ ആയിരുന്നതിനാല്‍ അവര്‍ക്ക് മനസ്സിലായില്ല. ബസില്‍ ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു. ബസില്‍ രണ്ടു തീവ്രവാദികളാണ് ഉണ്ടായിരുന്നത്.
ബാക്കിയുള്ളവര്‍ കാറില്‍ പിന്തുടര്‍ന്നു. ഒരാള്‍ തോക്കുധാരിയും മറ്റേയാള്‍ മുഖം മറച്ച ഡ്രൈവറുമായിരുന്നു. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം രാത്രി എട്ടു മണിക്ക് ആയുധധാരികളായ തീവ്രവാദികള്‍ നിറഞ്ഞ മൊസൂളില്‍ എത്തി.
പത്തു ബാച്ചായിട്ടായിരുന്നു കൊണ്ടുപോയത്. ഇതിനിടയില്‍ റംസാന്‍ ആയതിനാല്‍ രാത്രിയില്‍ അവര്‍ കൊണ്ടുവന്ന ആഹാരവും മറ്റും നല്‍കി. ഒടുവില്‍ അവസാന ദിവസം തീവ്രവാദി നേതാവ് കാണാന്‍ വരുന്നതായി അവര്‍ അറിയിച്ചു.ശരീരവും തലയും കാല്‍പ്പാദവും മറയ്ക്കുന്ന വേഷമണിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഒരു കൂട്ടം ആള്‍ക്കാരുമായി നേതാവ് വരികയും അറബിയില്‍ എന്തൊക്കെയോ പറയുകയും ചെയ്തു. ലോകം മുഴുവനുമുള്ള നഴ്സുമാര്‍ തങ്ങളെ രക്ഷിക്കാന്‍ ഇവിടെ വന്നവരാണെന്നും അതുകൊണ്ടു ജീവനെടുക്കില്ലെന്നും പോകാന്‍ അനുവദിക്കുമെന്നും പറഞ്ഞു. എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ക്യാമറിയില്‍ നോക്കി പരിക്കേല്‍പ്പിച്ചിട്ടില്ലെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അത് പറഞ്ഞ ശേഷം പോയി.
പിന്നീട് അവര്‍ തന്നെ സംഘടിപ്പിച്ച ബസില്‍ അതിര്‍ത്തി വരെ കൊണ്ടു വിട്ട ശേഷം തീവ്രവാദികള്‍ തിരിച്ചു പോയി. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എത്തി. ഐഎസ് മേഖലയില്‍ പ്രവേശിക്കകാന്‍ കഴിയാത്തതിനാല്‍ അഞ്ചു കിലോ മീറ്റര്‍ അകലെയായിരുന്നു വാഹനം വന്നത്. ഇതിനിടയില്‍ ഓഫീസ് സ്റ്റാഫുകള്‍ മറ്റൊരു ബസ് സജ്ജീകരിച്ചിരുന്നു. ഈ ബസില്‍ മിലിട്ടറി ഓഫീസില്‍ എത്തിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇബ്രില്‍ വിമാനത്താവളത്തിലേക്ക് അയച്ചു. അവിടെ നിന്നും ജൂലൈ 5 ന് നാട്ടിലേക്ക് തിരിച്ചു.
നാട്ടിലെത്തിയവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത സര്‍ക്കാരും വ്യവസായികളുമൊക്കെ എല്ലാം മറന്നപ്പോള്‍ അന്ന് രക്ഷപെട്ടവര്‍ ഒട്ടുമിക്കവരും ഇന്നും ദുരിതജീവിതം നയിക്കുകയാണ്. സിനിമയ്ക്കു വേണ്ടി ഇവരെ ഉപയോഗിച്ചവരും പിന്നീട് തിരിഞ്ഞു നോക്കിയില്ല.