സ്റ്റാലിന്,മാവോ,ഹിറ്റ്ലര്,മുസോളിനി,കിം ജോങ് ഇല്, പോള് പോട്ട്, ഇദി അമീന്, ചൗഷെസ്ക്യു…ഈ ഗണത്തിലായിരുന്നു റോബര്ട്ട് മുഗാബെയുടെയും സ്ഥാനം. 1980ല് സിംബാവെയുടെ പ്രധാനമന്ത്രിയായി മുഗാബെ അധികാരത്തിലേറ്റതോടെ ആ രാജ്യം അക്ഷരാര്ഥത്തില് ഉരുക്കു മുഷ്ടിയില് അമരുകയായിരുന്നു.
1924 ഫെബ്രുവരി 21 -ന് അന്നത്തെ റൊഡേഷ്യ എന്ന ബ്രിട്ടീഷ് കോളനിയിലാണ് മുഗാബെയുടെ ജനനം. അടിസ്ഥാനവിദ്യാഭ്യാസം നേടിയ ശേഷം അധ്യാപനം തൊഴിലായി സ്വീകരിക്കുന്നു. കറുത്തവര്ഗ്ഗക്കാരെ പാടെ അടിച്ചമര്ത്തിക്കൊണ്ടുള്ള ബ്രിട്ടീഷ് കോളനിഭരണത്തിനെതിരെ പോരാടിയ മുഗാബെ 1964 -ല് അറസ്റ്റിലാകുന്നു. തുടര്ന്ന് അഞ്ചുവര്ഷത്തിലധികം നീളുന്ന കാരാഗൃഹവാസം. 1973 -ല് ജയിലില് കിടക്കുമ്പോള് തന്നെ രൂപീകരിക്കപ്പെട്ട സിംബാബ്വെ ആഫ്രിക്കന് നാഷണല് യൂണിയന് ( സാനു)വിന്റെ സ്ഥാപക പ്രസിഡണ്ടാകുന്നു മുഗാബെ. ജയില്വാസത്തിനു ശേഷം ലണ്ടനില്നിന്നും നിയമത്തിലും, സാമ്പത്തികശാസ്ത്രത്തിലും, വിദ്യാഭ്യാസത്തിലും ബിരുദങ്ങള് നേടി. താമസിയാതെ മൊസാംബിക്കിലേക്ക് കടന്ന മുഗാബെ പിന്നീട് അവിടെ തുടര്ന്നുകൊണ്ട് സിംബാബ്വെയില് നിരന്തരം ഗറില്ലപ്പോരാട്ടങ്ങള്ക്ക് നേതൃത്വം നല്കി. എഴുപതുകളുടെ അവസാനത്തോടെ നടന്ന തുടര്ച്ചയായ രാഷ്ട്രീയ ചര്ച്ചകള്ക്കൊടുവില് ഔപചാരികമായിത്തന്നെ റൊഡേഷ്യ സിംബാബ്വെ ആയി പുനര്നാമകരണം ചെയ്യപ്പെടുകയും, രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു.
1980ല് മുഗാബെ സിംബാബ്വെയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള് ബ്രിട്ടന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അത് അംഗീകരിക്കേണ്ടി വന്നു. ബ്രിട്ടനിലെ അവശേഷിച്ചിരുന്ന സാമ്രാജ്യത്വവാദികളായ പ്രഭുക്കന്മാരെല്ലാം കൂടി ക്ലബ്ബില് ഒത്തുകൂടി, റൊഡേഷ്യ എന്ന കോളനിയും, അതിന്റെ മണ്ണിനടിയില് ബാക്കിയുള്ള സകല ധാതുക്കളും കൈവിട്ടുപോയതില് സങ്കടപ്പെട്ടുവെങ്കിലും, ബ്രിട്ടനില് പൊതുവേ ആ അധികാരക്കൈമാറ്റത്തിന് അനുകൂലമായ ഒരു വികാരമായിരുന്നു. മാര്ക്സും ലെനിനും മാവോയുമാണ് തന്റെ ആരാധ്യപുരുഷന്മാര് എന്നും മുഗാബെ പറഞ്ഞിരുന്നു. പിന്നീട് 1987ല് പ്രസിഡന്റായി.
1983 മുതല് 1987 വരെയാണ് സിംബാബ്വെ സൈന്യത്തിന്റെ അഞ്ചാം ബ്രിഗേഡ്, ഉത്തരകൊറിയയില് നിന്നും സിദ്ധിച്ച പ്രത്യേക പരിശീലനം കൈമുതലാക്കി, ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നവരെ കൊന്നൊടുക്കാന് തുടങ്ങിയത്. ഡിബേലെ ഗോത്രക്കാരായ 20,000 -നും 40,000 -നും ഇടയില് പൗരന്മാരാണ് അന്ന് കൊല്ലപ്പെട്ടത്. അഞ്ചാം ബ്രിഗേഡ് നടത്തിയ ഈ നരനായാട്ടിന്റെ പേരില് 1992 -ല് സിംബാബ്വേയിലെ പ്രതിരോധ മന്ത്രിയായ മോവന് മഹാചി പരസ്യമായി ക്ഷമാപണം നടത്തുകയുണ്ടായി.
വമ്പിച്ച ഭൂരിപക്ഷത്തില് അധികാരത്തിലേറിയ മുഗാബെയ്ക്ക് വേണമെങ്കില് സിംബാബ്വെയെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കാമായിരുന്നു. അങ്ങനെ ഉണ്ടായില്ല. 2000 കാലഘട്ടത്തില് വെള്ളക്കാരെ അവരുടെ കൃഷിയിടങ്ങളില് നിന്നും ഇറക്കിവിട്ട് ആ സ്ഥലങ്ങള് കറുത്തവര്ഗക്കാര്ക്ക് വീതിച്ചു നല്കി എന്നായിരുന്നു അവകാശവാദം എങ്കിലും, അതെല്ലാം ചെന്നത് മുഗാബെയുടെ ജനറല്മാര്ക്കും, ഇഷ്ടക്കാര്ക്കും, ബന്ധുക്കള്ക്കും മാത്രമായിരുന്നു. അവിടങ്ങളിലെ കൃഷി താറുമാറായി. പിന്നാലെ വന്നുകേറിയത് കടുത്ത ക്ഷാമമായിരുന്നു. രാജ്യത്തെ കറന്സി യുഎ മൂല്യം വര്ഷാവര്ഷം ക്ഷയിച്ചുപോയി. തൊഴിലില്ലായ്മ 80 ശതമാനത്തിലധികമായി.
1998 -ല് കോംഗോയിലേക്ക് സൈന്യത്തെ പറഞ്ഞയക്കാനുള്ള തീരുമാനം രാജ്യത്തെ കടക്കെണിയിലാക്കി. പണപ്പെരുപ്പം ക്രമാതീതമായി പെരുകി. 2009 -ല് സ്വന്തം കറന്സി പോലും ഉപേക്ഷിക്കേണ്ട ഗതികേടുണ്ടായി. വ്യാവസായിക രംഗം ആകെ തളര്ച്ചയിലാണ്. ടൂറിസം മരവിച്ചമട്ടാണ്. മുഗാബെയുടെ നയങ്ങള് കാരണം വിദേശ മൂലധന നിക്ഷേപകങ്ങളൊന്നും തന്നെ രാജ്യത്തേക്ക് വരുന്നില്ല. ആകെ ഒരാശ്വാസം മരാംഗെയില് കണ്ടെത്തിയ വജ്രനിക്ഷേപങ്ങള് മാത്രമായിരുന്നു.
അധികാരത്തിന്റെ ആദ്യ വര്ഷങ്ങളില് കറുത്തവര്ഗക്കാര്ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും, ആരോഗ്യസേവനങ്ങളും നല്കുന്നതില് ശ്രദ്ധപതിപ്പിച്ചിരുന്ന മുഗാബെ പിന്നീട് എങ്ങനെയും അധികാരം നിലനിര്ത്തുന്നതില് മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1987 -ല് ഓഫീസ് പിരിച്ചുവിട്ട മുഗാബെ പരമാധികാരം ഒറ്റയ്ക്ക് കയ്യാളുന്ന പ്രസിഡന്റായി സ്വയം അവരോധിച്ചു.
അവസാനകാലം വരെയും അധികാരത്തില് കടിച്ചുതൂങ്ങാന് ആഗ്രഹിച്ചിരുന്ന മുഗാബെ ഒടുവില് 2017 -ല്, ഭാര്യ ഗ്രെയ്സ് മറഫുവിനെ തന്റെ പിന്ഗാമിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല് അപ്രതീക്ഷിതമായുണ്ടായ പട്ടാള അട്ടിമറി മുഗാബെയെ അധികാരത്തില് നിന്നു നിഷ്കാസിതനാക്കി. അവസാന നാള് വരെയും അധികാരത്തില് തിരിച്ചെത്താമെന്ന പ്രതീക്ഷയോടെയാണ് മുഗാബെ ജീവിച്ചത്. വിപ്ലവകാരിയില് നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള പരിണാമത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ആ ജീവിതം.