1917 ഒക്ടോബർ 15. ഈ രാത്രിക്കു നീളം കൂടുതലാണോ? ഫ്രാൻസിലെ സെന്റ് ലാസറിലുള്ള ജയിൽ സെല്ലിൽ സമയം വല്ലാതെ ഇഴയുന്നതായി അവൾക്കു തോന്നി. പക്ഷേ, ഇതു തന്റെ അവസാന രാത്രിയാണെന്ന തിരിച്ചറിവും അവളെ ഭീതിപ്പെടുത്തുന്നതായി തോന്നിയില്ല.
കാരണം ദിവസങ്ങൾക്കു മുന്പേ തന്റെ അന്ത്യത്തിനായി അവൾ ഒരുങ്ങിയിരുന്നു. ഇവൾ മാതാഹരി.! വധശിക്ഷയ്ക്കു വിധേയയായി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ലോകത്തിനു മുന്നിൽ വിസ്മയമായി നിൽക്കുന്ന ചാരസുന്ദരി!
ലോകചരിത്രത്തിൽ ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു ചാരവനിതയില്ല, തന്റെ സൗന്ദര്യംകൊണ്ടു പ്രമുഖരെ വട്ടംകറക്കിയിട്ടുള്ള മറ്റൊരു സുന്ദരിയില്ല, വശ്യമായ നൃത്തചാരുതകൊണ്ട് ആരാധകരുടെ നെഞ്ചിടിപ്പ് ഏറ്റിയ വേറൊരു താരമില്ല.
അതുകൊണ്ടാണ് അവളെക്കുറിച്ചു സിനിമകൾ ഇറങ്ങിയത്. മഹാരഥൻമാരായ സാഹിത്യകാരന്മാർ കഥകളെഴുതിയത്. അവൾ ഇന്നും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്ലോ പോലും അവളുടെ ജീവിതകഥ അക്ഷരങ്ങളിലൂടെ കോറിയിട്ടു.
നിഗൂഢതകളുടെ ഇരുളിലൂടെ ആരെയും കൂസാതെ നടന്നു നീങ്ങിയ സുന്ദരി. ആരെയും ആകർഷിക്കുന്ന തന്റെ ആകാരസൗഷ്ഠവത്തെ ആയുധമാക്കി അധികാരത്തിന്റെ ഇടനാഴികളിലൂടെ അവൾ പറന്നു നടന്നപ്പോൾ പല രഹസ്യ അറകളും തുറക്കപ്പെട്ടു.
ആർക്കും വീഴ്ത്താനാവില്ലെന്നു ലോകം ധരിച്ച പല തന്ത്രജ്ഞന്മാർക്കു പോലും കാലിടറി. അവളുടെ ശരീരസൗന്ദര്യത്തിലും വശ്യതയിലും വന്പ·ാർ പോലും മയങ്ങി വീണപ്പോൾ പുറത്തായതു രാഷ്ട്രങ്ങളുടെ അതീവ സൈനിക രഹസ്യങ്ങളും യുദ്ധതന്ത്രങ്ങളും വരെ.
ഏവരെയും തന്റെ കടക്കണ്ണാൽ വീഴ്ത്തിയുള്ള മാതാഹരിയുടെ യാത്രകൾക്കും രാത്രികൾക്കും പക്ഷേ, ആയുസ് ഏറെയില്ലായിരുന്നു. അവൾ നടന്നുതീർത്ത ഇരുണ്ടവഴികൾത്തന്നെ അവളുടെ ജീവനു വിലയിട്ടു. ആ വിധിദിനത്തിന്റെ കഥയാണ് തുടരുന്നത്.
രാത്രി അടരുംമുന്പേ അവൾ തനിക്ക് ഇഷ്ടപ്പെട്ട വേഷം ധരിച്ച് ഒരുങ്ങി. ഇനിയൊരു വേഷം അവൾക്കു മുന്നിലില്ല. അവൾ യാന്ത്രികമായി ഓരോന്നും ചെയ്തുതീർക്കുന്നതു കണ്ടു നിറകണ്ണുകളോടെ ഒരു മുതിർന്ന കന്യാസ്ത്രീ അവൾക്കൊപ്പം ഉണ്ടായിരുന്നു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അവളുടെ അവസാന നാളുകളിൽ ആശ്വാസം പകരാൻ നിയോഗിക്കപ്പെട്ടവരായിരുന്നു അവർ. ആ നീളൻ ഉടുപ്പ് അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് അല്പംകൂടി കൂട്ടിയതുപോലെ.
ക്ലോക്കിലെ സൂചി ആറു മണിയിലേക്കു തൊടുന്നതിനു മുന്പുതന്നെ അവൾക്കു പോകുവാനുള്ള കാരവൻ ഉൾപ്പെടുന്ന വാഹനവ്യൂഹം ജയിൽ വളപ്പിലേക്ക് ഇരച്ചെത്തിനിന്നു. ഒരു ഓഫീസർ എത്തി. യാത്ര തിരിക്കാനുള്ള സമയം ആയെന്ന് മാതാഹരിയെ അറിയിച്ചു.
പ്രതീക്ഷിച്ചിരുന്ന അറിയിപ്പ് പോലെ അവൾ ചെറിയൊരു മന്ദസ്മിതത്തോടെ തനിക്കൊപ്പമുണ്ടായിരുന്ന സന്യാസിനിയെ നോക്കി. മരണത്തിന്റെ വഴിയിലേക്കു നടക്കാനൊരുങ്ങുന്ന ആ യുവതിയുടെ മുഖത്തേക്കു നോക്കിയപ്പോൾ ആ സന്യാസിനിയുടെ കണ്ണുകൾ നിറഞ്ഞു.
മാതാഹരി ആ സന്യാസിനിക്കും പോലീസ് ഉദ്യോഗസ്ഥർക്കുമൊപ്പം ആ കാരവനിലേക്കു കയറി. വാഹനത്തിലേക്കു കയറുംമുന്പേ അവൾ ചുറ്റുംനിന്ന ജയിൽ ഉദ്യോഗസ്ഥരെ നോക്കി മന്ദഹസിച്ചു. ആ മുഖത്തേക്കു നോക്കാനാവാതെ പലരും മുഖം താഴ്ത്തി, ചിലർ കണ്ണുതുടച്ചു.
ജയിൽ വളപ്പിൽനിന്നു മാതാഹരിയെയുമായി ആ വാഹനവ്യൂഹം ഇരന്പി നീങ്ങി. പാരീസ് നഗരത്തിന്റെ തെക്കുകിഴക്കൻ പ്രാന്തത്തിലുള്ള വിജനഭൂമിയാണ് അവരുടെ ലക്ഷ്യം.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിലേറെയും ആനയിക്കപ്പെടുന്നത് മരണത്തിന്റെ മണമുള്ള ഈ ഭൂമിയിലേക്കാണ്. വെളിച്ചം നിറഞ്ഞുനിൽക്കുന്ന പാരീസിന്റെ തെരുവീഥിയിലൂടെ ആ വാഹനങ്ങൾ കുതിച്ചുപാഞ്ഞു.
(തുടരും)