കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഉയരത്തിലും തലയെടുപ്പിലും രാമചന്ദ്രനൊപ്പം നില്‍ക്കാന്‍ പോന്ന ആനകള്‍ ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് തന്നെ ആനപ്രേമികളുടെ ജീവനാണ് രാമചന്ദ്രന്‍. പക്ഷേ ബീഹാറില്‍ നിന്നും കേരളത്തില്‍ എത്തിയ മോട്ടിപ്രസാദ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായ കഥ ആരെയും ത്രസിപ്പിക്കുന്നതാണ്. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
കേരളത്തില്‍ ‘ഏകഛത്രാധിപതി’ പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ബിഹാറിലെ ആനച്ചന്തയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തിയത്. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരാണ് ബീഹാറില്‍ നിന്നും അന്ന് മോട്ടിപ്രസാദ് എന്നറിയപ്പെട്ടിരുന്ന ആനയെ വാങ്ങിയത്. അദ്ദേഹത്തില്‍ നിന്നും ആനയെ വാങ്ങിയ തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ. നിരവധി ഫേസ്ബുക്ക് പേജുകളും വാട്‌സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. 1986ല്‍ അന്നത്തെ പാപ്പാന്‍ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടര്‍ന്ന് എത്തിയ പാപ്പാന്റെ മര്‍ദ്ദനത്തിലായിരുന്നു ആനയുടെ വലതുകണ്ണ് കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്. കാലക്രമേണ ഇടതുകണ്ണിനും കാഴ്ച നഷ്ടമായി. തലയെടുപ്പും ഗാംഭീര്യവും ഉയരവും കൊണ്ട് അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇതിനകം അനേകം സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും പല തവണയായി 13 പേരുടെ ജീവനാണ് രാമചന്ദ്രന്‍ കവര്‍ന്നെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടുപേരാണ് രാമചന്ദ്രന്റെ അവസാനത്തെ ഇരകള്‍. ഏറെ വിവാദങ്ങള്‍ക്കു ശേഷവും ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിനിറങ്ങുമെന്ന വാര്‍ത്ത വന്നതോടെ ആനപ്രേമികളെല്ലാം തികഞ്ഞ സന്തോഷത്തിലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കര്‍ശന ഉപാധികളോടെയാണ് രാമചന്ദ്രനെ പൂരത്തിനെത്തിക്കുക.