നിരീക്ഷണത്തിലിരുന്ന ആള്‍ വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ ചാരായം വാറ്റ് തുടങ്ങി ! ഇതൊന്നും അറിയാതെ അറസ്റ്റു ചെയ്ത എക്‌സൈസ് സംഘം വെട്ടിലുമായി…

കോവിഡ് 19 സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലിരുന്നയാള്‍ ചാരായവുമായി അറസ്റ്റില്‍. ഇയാളെ മറ്റൊരു പ്രതിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയതോടെ എക്സൈസ് അധികൃതര്‍ വെട്ടിലായി.

പൂമാല സ്വദേശി രാജേഷിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടുകൂടി വീട്ടില്‍നിന്ന് 600 മില്ലി ലിറ്റര്‍ ചാരായവുമായി അറസ്റ്റ് ചെയ്തത്.

ഇയാള്‍ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ വീട്ടില്‍ ഇരുന്ന ആളാണ്. ഇയാള്‍ക്ക് ആവശ്യമുള്ള ഭക്ഷണം വെള്ളിയാമറ്റം പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ നിന്നും ആണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയിരുന്നത്.

എന്നാല്‍ വീട്ടില്‍ വെറുതെ ഇരിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ചാരായം വാറ്റ് തുടങ്ങിയെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം വീട്ടിലെത്തി തൊണ്ടി സഹിതം ഇയാളെ പിടികൂടുകയായിരുന്നു.

എന്നാല്‍ നിരീക്ഷണത്തിലായിരുന്ന ആളെ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരേയും അറിയിക്കാതെ അറസ്റ്റ് ചെയ്തത് വിവാദമായി.

തങ്ങളോട് ആലോചിക്കാതെയാണ് ഇയാളെ പിടികൂടി വീടിനുപുറത്ത് എത്തിച്ചതെന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം എക്സൈസ് സംഘത്തിന് മനസിലായത് .

പിന്നീട് ഉന്നതതലത്തില്‍ കൂടിയാലോചന നടത്തിയശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയിലേക്ക് കൊണ്ടുവന്നത് മറ്റൊരു പ്രതിയുടെ ഒപ്പമായിരുന്നു.

അതിനാല്‍ ഇയാളുടെ കൂടെ കൊണ്ടുവന്ന പ്രതിയേയും നിരീക്ഷണത്തില്‍ ആക്കേണ്ടി വന്നു.

രാജേഷ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് അറിയാതെയാണ് അറസ്റ്റ് ചെയ്തതെന്നാണ് എക്സൈസ് സംഘം നല്‍കുന്ന വിശദീകരണം.

എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ പരിശോധന സംഘത്തോട് താന്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന ആള്‍ ആണെന്നും അറസ്റ്റ് ചെയ്യരുതെന്നും പറഞ്ഞു എന്നാണ് പറയുന്നത്.

നിരീക്ഷണ സംവിധാനം നിലവിലുള്ള ആലുവ സബ് ജയിലേക്ക് രണ്ട് പേരേയും കോടതി റിമാന്‍ഡ് ചെയ്തു.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാറ്റു ചാരായവും കോടയും പിടിച്ചിരുന്നു.

Related posts

Leave a Comment