റിയാദ്: അശ്ലീല വീഡിയോകള്‍ കാണുന്നതു പോലും കുറ്റകരമായ രാജ്യമാണ് സൗദി അറേബ്യ. അങ്ങനെയെങ്കില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്താല്‍ ചെയ്തയാളെ സൗദി ഭരണകൂടം വെറുതേവിടുമോ. ഫേസ്ബുക്കിലൂടെ പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പങ്കുവച്ചെന്ന കുറ്റത്തിനായി ഒരു മാസം മുമ്പാണ് മലയാളി യുവാവിനെ സൗദി പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ താമസാനുമതി രേഖയുടെ(ഇഖാമ) നമ്പറിലെടുത്ത ഇന്റര്‍നെറ്റ് വൈഫൈ സൗകര്യം ഉപയോഗിച്ച് മറ്റാരോ ഇയാള്‍ക്കിട്ട് പണി കൊടുക്കുകയായിരുന്നു.
മലസ് ജയിലില്‍ നിന്നും തര്‍ഹീലിലേക്ക്(നാടുകടത്തല്‍ കേന്ദ്രം) മാറ്റാനുള്ള നീക്കത്തിനിടെ സംഭവമറിഞ്ഞെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ ഇയാളുടെ രക്ഷയ്ക്കെത്തുകയായിരുന്നു. സ്പോണ്സറുമായി സംസാരിച്ചാണ് ഇവര്‍ മോചനം സാധ്യമാക്കിയത്. ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത് ഇയാളുട ഫേസ്ബുക്ക് പേജിലല്ലായിരുന്നെങ്കിലും ഇയാളുടെ പേരിലുള്ള ഇന്റര്‍നെറ്റ് കണക്ഷന് ഉപയോഗിച്ചതാണ് വിനയായത്. ഇക്കാര്യങ്ങള്‍ കോടതിയില്‍ മലയാളം പരിഭാഷകന്റെ സഹായത്തോടെ തെളിയിക്കാനായതോടെയാണ് കോടതി ഇയാളെ മോചിപ്പിച്ചത്.